തൃശൂർ: ആളൂർ പീഡന കേസിൽ പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് ഒളിമ്പ്യൻ മയൂഖ ജോണി. സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് മയൂഖ ജോണി പറഞ്ഞു. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി ഒരു മാസം പിന്നിട്ടിട്ടും പൊലീസ് നടപടി സ്വീകരിച്ചിട്ടില്ല. പീഡന കേസിലെ പ്രതി ജോൺസനെ രക്ഷിക്കാൻ ഉന്നത രാഷ്ട്രീയ ഇടപെടൽ നടക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് അടുത്ത ദിവസം തന്നെ മുഖ്യമന്ത്രിയെ നേരിൽ കാണാൻ ശ്രമിക്കുമെന്നും മയൂഖ ജോണി മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ജൂൺ 28നാണ് സുഹൃത്ത് ലൈംഗിക പീഡനത്തിനിരയായെന്ന് വെളിപ്പെടുത്തി ഒളിമ്പ്യൻ മയൂഖ ജോണി രംഗത്തു വന്നത്. 2016 ജൂലൈ ഒമ്പതിനാണ് ചാലക്കുടി സ്വദേശിനിയായ പെൺകുട്ടി പീഡനത്തിനിരയായത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് അയൽപക്കത്തെ വില്ലയിൽ താമസിക്കുന്ന ചാലക്കുടി സ്വദേശിയായ ചുങ്കത്ത് ജോണ്സണ് വീട്ടിൽ കയറി മാനഭംഗപ്പെടുത്തുകയും നഗ്ന വിഡിയോ ചിത്രീകരിക്കുകയും ചെയ്തു. അവിവാഹിതയായതിനാൽ മാനഹാനി ഭയന്ന് അന്ന് പൊലീസിൽ പരാതിപ്പെട്ടില്ല. എന്നാൽ, അയാൾ നഗ്ന വിഡിയോ കാണിച്ച് ഭീഷണിപ്പെടുത്തലും ഫോണിലൂടെ ശല്യവും തുടർന്നു. 2018ൽ പെൺകുട്ടി വിവാഹിതയായ ശേഷവും ഇതായിരുന്നു അവസ്ഥ.
തുടർന്ന് ഇതുസംബന്ധിച്ച എല്ലാ വിവരങ്ങളും മയൂഖക്കറിയുമെന്നും തെളിവുകളുണ്ടെന്നും പെൺകുട്ടി പ്രതിയോട് പറഞ്ഞു. തുടർന്ന് 2018ൽ ഇടപ്പള്ളിയിലെ ഗ്രാൻഡ് മാളിൽ തന്നെയും തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയതായി മയൂഖ പറഞ്ഞു. 2020ൽ പ്രതി ഇരയുടെ താമസസ്ഥലത്ത് ഗുണ്ടകളെ വിട്ട് ഭീഷണിപ്പെടുത്തി. തുടർന്ന് ഭർത്താവിെൻറ നിർദേശപ്രകാരം 2021 മാർച്ചിൽ തൃശൂർ റൂറൽ എസ്.പി ജി. പൂങ്കുഴലിക്ക് പരാതി നൽകി. ചാലക്കുടി മജിസ്ട്രേറ്റ് മുമ്പാകെ രഹസ്യമൊഴി രേഖപ്പെടുത്തി. തുടക്കത്തിൽ പിന്തുണ നൽകിയിരുന്ന പൊലീസ് പിന്നീട് ഇരയെ നിരുത്സാഹപ്പെടുത്തിയെന്ന് മയൂഖ പറഞ്ഞു.
വനിത കമീഷനിൽ പരാതി നൽകാൻ ശ്രമിച്ചെങ്കിലും അധ്യക്ഷ എം.സി. ജോസഫൈൻ പ്രതിക്കുവേണ്ടി ഇടപെട്ടതായി വിവരം ലഭിച്ചു. കേസെടുക്കരുതെന്ന് പൊലീസിന് അവർ നിർദേശം നൽകിയിരുന്നതായും മയൂഖ പറയുന്നു. പ്രതിക്കുവേണ്ടി കഴിഞ്ഞ മന്ത്രിസഭയിലെ ഒരുമന്ത്രിയും ഇടപെട്ടിരുന്നു. ഒരു ബിഷപ്പിന്റെയും പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയും പിന്തുണയുള്ള പ്രതി സ്വതന്ത്രനായി നടക്കുകയാണ്. മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പിറ്റേന്നുതന്നെ സി.ഐ തന്റെ മൊഴിയെടുത്തു. എന്നാൽ, തെളിവില്ലാത്തതിനാൽ കേസെടുക്കാൻ ബുദ്ധിമുട്ടാണെന്ന് പിന്നീടറിയിച്ചു. പ്രതിയുടെ മൊബൈൽ ഫോണും സി.സി.ടി.വി ദൃശ്യങ്ങളും പിടിച്ചെടുത്ത് പരിശോധിക്കണമെന്നും ഉടൻ അറസ്റ്റ് ചെയ്യണമെന്നും മയൂഖ ആവശ്യപ്പെട്ടിരുന്നു.
വെളിപ്പെടുത്തലിന് പിന്നാലെ മൂരിയാട് എംപറർ ഓഫ് ഇമ്മാനുവൽ പ്രസ്ഥാനത്തിന്റെ മുൻ ട്രസ്റ്റി സാബുവിന്റെ പരാതിയിൽ മയൂഖ ഉൾപ്പെടെ 10 പേർക്കെതിരെ ആളൂർ പൊലീസ് അപകീർത്തിക്കേസ് രജിസ്റ്റർ ചെയ്തു. പീഡനക്കേസിലെ പരാതിക്കാരിയുടെ വീട്ടിൽ താൻ ഭീഷണി നോട്ടീസ് കൊണ്ടുപോയിട്ടു എന്ന് മയൂഖ ജോണി ആരോപിച്ചതായും ഇത് അപകീർത്തികരമാണെന്നും സാബു പരാതിയിൽ പറഞ്ഞിരുന്നു.
ഇതിനിടെ, പരാതി ഉന്നയിച്ച മയൂഖ ജോണിക്ക് വധഭീഷണി ഉണ്ടായി. സുഹൃത്തിനെ പീഡിപ്പിച്ചെന്ന കേസുമായി മുന്നോട്ടു പോയാൽ മയൂഖയെയും കുടുംബത്തെയും ഇല്ലാതാക്കുമെന്നാണ് ഊമക്കത്തിൽ ഭീഷണിപ്പെടുത്തിയത്. സുഹൃത്തിനുണ്ടായ അനുഭവം മയൂഖ ജോണിക്കും ഉണ്ടാകും എന്ന തരത്തിലെ പരാമർശവും കത്തിലുണ്ടായിരുന്നു.
മയൂഖ ജോണി ഉന്നയിച്ച ബലാത്സംഗക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്. മയൂഖയുടെയും സുഹൃത്തിന്റെയും പരാതികളിൽ നേരത്തേ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. മൂന്നു കേസുകളും ജില്ല ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുമുണ്ട്. മൂന്ന് കേസുകളും ചേർത്താകും ജില്ല ക്രൈംബ്രാഞ്ച് അന്വേഷിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.