തിരുവനന്തപുരം: ബി.ജെ.പിക്ക് എതിരായ പോരാട്ടം നയിക്കാൻ ദേശീയതലത്തിൽ ബദൽ ആരെന്ന തർക്കം ഇടതുമുന്നണിയിൽ മൂക്കുന്നു. കോൺഗ്രസ് തകർന്നാൽ വിടവ് നികത്താൻ ഇടതുപക്ഷത്തിനാവില്ലെന്ന സി.പി.ഐ നേതാവ് ബിനോയ് വിശ്വത്തിന്റെ വാദത്തെയും കോൺഗ്രസിനെയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തള്ളിയതിന് മറുചോദ്യമെറിഞ്ഞ് സി.പി.ഐ. ബി.ജെ.പിക്കെതിരായ മുന്നണിയെ നയിക്കാൻ രാഹുൽ ഗാന്ധിയല്ലാതെ വേറൊരാളിന്റെ പേര് പറയൂ എന്ന വെല്ലുവിളിയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറിയും കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവുമായ കാനം രാജേന്ദ്രൻ രംഗത്തെത്തി.
ഇടുക്കിയിൽ മാധ്യമപ്രവർത്തകരോടും ചൊവ്വാഴ്ച ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലുമാണ് കോടിയേരിയുടെ വിമർശനം. കോൺഗ്രസിന്റെ വികല നയങ്ങളാണ് ബി.ജെ.പി അധികാരത്തിലെത്താൻ കാരണമെന്ന് പാർട്ടി മുഖപത്രത്തിലെ പ്രതിവാര കോളത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘ്പരിവാറിന്റെ വർഗീയ രാഷ്ട്രീയത്തിനെതിരെ പ്രത്യയശാസ്ത്രപരമായോ സംഘടനപരമായോ പ്രതിരോധം തീർക്കാൻ തയാറാകാത്തതാണ് കോൺഗ്രസിന്റെ തകർച്ചക്ക് കാരണം. കോണ്‍ഗ്രസിനെ മാത്രം ആശ്രയിച്ച് ദേശീയ ബദല്‍ സാധ്യമാകില്ലെന്ന് കുമളിയിൽ പറഞ്ഞ കോടിയേരി, തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ, കോണ്‍ഗ്രസ് അനുകൂല പ്രസംഗം എൽ.ഡി.എഫിന് ഗുണകരമാവില്ലെന്നും വ്യക്തമാക്കി. കോൺഗ്രസ് ദുർബലമായാൽ പകരംവെക്കാൻ ഇടതുപക്ഷത്തിന് ആകില്ലെന്നാണ് സി.പി.ഐ നയമെന്ന് തിരുവനന്തപുരത്ത് മീറ്റ ദ പ്രസിൽ കാനം രാജേന്ദ്രൻ വ്യക്തമാക്കി.
ദേശീയതലത്തിൽ ഇടത്, ജനാധിപത്യ, മതേതര ശക്തികളുടെ കൂട്ടായ്മ വേണമെന്നാണ് സി.പി.ഐ നിലപാട്. ബി.ജെ.പിയെ എതിർക്കാനുള്ള മുന്നണിയായി അത് വളർന്നുവരണം. അത്തരമൊരു വേദിയിൽ കോൺഗ്രസിന് പ്രധാന റോളുണ്ട്. മറ്റു കക്ഷികളില്ലാതെ കോൺഗ്രസിനും നിൽക്കാൻ കഴിയില്ല. കോൺഗ്രസുമായുള്ള ബന്ധം കേരളത്തിൽ എൽ.ഡി.എഫിനെ ബാധിക്കില്ല. യു.പി.എ സർക്കാറിന് പിന്തുണ നൽകുമ്പോഴാണ് 2006ൽ കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്. അന്നുണ്ടാകാത്തത് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സംഭവിക്കില്ലെന്നും കോടിയേരിയുടെ പ്രസ്താവനക്ക് മറുപടിയായി കാനം പറഞ്ഞു. കോൺഗ്രസിന് അപചയം സംഭവിച്ചിട്ടുണ്ടെന്നതിൽ തനിക്കും കോടിയേരിക്കും ഒരേ അഭിപ്രായമാണ്. അതിനിടെ കോൺഗ്രസ് ദേശവ്യാപകമായി സ്വാധീനമുള്ള മതനിരപേക്ഷ, ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനമാണെന്ന് ജനയുഗവും മുഖപ്രസംഗത്തിൽ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.