കോഴിക്കോട്: വെള്ളയിൽ പൊലീസ് സ്റ്റേഷനു സമീപം നടുറോഡിൽ പ്രമോഷൻ വിഡിയോ ചിത്രീകരണത്തിനിടെ കാറിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ വഴിത്തിരിവ്. തെലങ്കാന രജിസ്ട്രേഷനുള്ള ബെൻസ് ഇടിച്ചാണ് വടകര കടമേരി സ്വദേശി ആൽവിൻ മരിച്ചതെന്ന് സ്ഥിരീകരിച്ചു.
സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് ഇടിച്ച കാർ ഏതാണെന്ന കാര്യത്തിൽ വ്യക്ത വന്നത്. ഉടമ സാബിത്ത് ആണ് വാഹനം ഓടിച്ചിരുന്നത്. വാഹനത്തിന് ഇൻഷൂറൻസ് രേഖകൾ ഇല്ല. ആൽവിന് ഇൻഷുറൻസ് ക്ലെയിം കിട്ടാൻ വേണ്ടിയാണ് വാഹനം മാറ്റി പറഞ്ഞതെന്നും കസ്റ്റഡിയിൽ ഉള്ളവർ മൊഴി നൽകി. സാബിത്തിനും ജീവനക്കാരൻ റയിസിനുമെതിരെ കേസെടുക്കും. ആൽവിൻ ദൃശ്യങ്ങൾ പകർത്തിയ ഫോൺ കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു.
റീൽസ് ചിത്രീകരിക്കാനായി രണ്ടു കാറുകളാണ് എത്തിച്ചത്. ഡിഫൻഡർ കാർ ഇടിച്ചാണ് യുവാവ് മരിച്ചതെന്നാണ് പൊലീസ് തയാറാക്കിയ എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച രാവിലെ ആറരയോടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ വടകര കടമേരി സ്വദേശി ആൽവിൻ സ്വകാര്യ ആശുപത്രിയിൽ പകൽ പതിനൊന്നരയോടെയാണ് മരിച്ചത്. എന്നാൽ, സംഭവത്തിൽ കേസെടുത്ത പൊലീസിന്, രാത്രി വൈകിയും ഏത് വാഹനമാണ് അപകടം വരുത്തിയതെന്ന് സ്ഥിരീകരിക്കാനാകാത്തത് സംശയങ്ങൾക്ക് വഴിവെച്ചിരുന്നു. മാത്രമല്ല, വിഡിയോ ഷൂട്ട് ചെയ്യാൻ ആൽവിനോടൊപ്പം എത്രപേർ എത്തിയിരുന്നു, ഇവർ ആരെല്ലാമായിരുന്നു, ആർക്കുവേണ്ടിയായിരുന്നു ചിത്രീകരണം എന്നതിലൊന്നും കൃത്യമായ ഉത്തരമില്ലായിരുന്നു.
നഗരത്തിൽ നെല്ലിക്കോട് പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ പ്രമോഷന് വേണ്ടിയാണ് ഇവർ റീൽസ് ചിത്രീകരിച്ചതെന്നാണ് പറയപ്പെടുന്നത്. രാത്രി വൈകി വെള്ളയിൽ സ്റ്റേഷനിലെത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഇരു വാഹനങ്ങളും പരിശോധിച്ചു.
റീൽസിന്റെയും മറ്റും വിഡിയോ ചിത്രീകരിക്കുന്ന ജോലികൾ സ്ഥിരമായി ചെയ്യുന്ന ആൽവിൻ ദുബൈയിൽ നിന്നെത്തിയതിനു പിന്നാലെ മൂന്നു ദിവസം മുമ്പാണ് പ്രമോഷൻ ഷൂട്ടിന്റെ ചുമതല ഏറ്റെടുത്തതെന്നാണ് വിവരം. അപകടം നടന്ന ഉടൻ കാറിനടുത്തേക്ക് പ്രദേശവാസികളിൽ ചിലർ ഓടിയെത്തിയെങ്കിലും ആരെയും സഹായത്തിന് വിളിക്കാതെ ഷൂട്ടിനെത്തിയ സംഘംതന്നെയാണ് ആൽവിനെ ആശുപത്രിയിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.