തിരുവനന്തപുരം: നെയ്യാറ്റിൻകര തിരുപുറം പുത്തൻകട സ്വദേശി രാഖിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ. പ്രതികൾ മൂന്ന് ലക്ഷം രൂപ പിഴയും ഒടുക്കണം. ജീവപര്യന്തം തടവിന് പുറമെ തെളിവ് നശിപ്പിച്ചതിന് അഞ്ച് വർഷം വീതം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ഒടുക്കണം.പിഴ ഒടുക്കിയില്ലങ്കിൽ ആറു മാസം കൂടി പ്രതികൾ അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും
അമ്പൂരി തട്ടാമുക്ക് അശ്വതി ഭവനിൽ രാജപ്പൻ നായർ മകൻ അഖിൽ ആർ നായർ(24), അഖിലിൻ്റെ സഹോദരൻ രാഹുൽ ആർ നായർ(27), ഇവരുടെ സുഹൃത്ത് അമ്പൂരി തട്ടാൻമുക്ക് ആദർശ് ഭവനിൽ സുരേന്ദ്രൻ നായർ മകൻ ആദർശ് നായർ(23) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.2019 ജൂൺ 21-നാണ് പ്രതികൾ രാഖിയെ കൊലപ്പെടുത്തി മറവു ചെയ്തത്. ലഡാക്കിൽ സൈനിക ഉദ്യോഗസ്ഥനായ അഖിൽ വർഷങ്ങളായി രാഖിയുമായി പ്രണയത്തിലായിരുന്നു. ഇതിനിടെ ഇരുവരും രഹസ്യമായി വിവാഹവും ചെയ്തു. അഖിലിനു മറ്റൊരു യുവതിയുമായി വീട്ടുകാർ വിവാഹം ഉറപ്പിച്ചപ്പോൾ ഇതിനെച്ചൊല്ലി ഇരുവരും കലഹിച്ചിരുന്നു.
ഇതോടെ അമ്പൂരിയിൽ പുതുതായി പണിയുന്ന വീട് കാണിച്ചുകൊടുക്കാമെന്നു പറഞ്ഞാണ് രാഖിയെ പ്രതികൾ അവരുടെ കാറിൽ നെയ്യാറ്റിൻകര ബസ്‌സ്റ്റാൻഡിൽനിന്ന് കയറ്റിക്കൊണ്ടുപോയത്. കാറിൽവെച്ച് കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം അഖിലിന്റെ വീടിനു സമീപം എടുത്ത കുഴിയിൽ മൃതദേഹമിട്ടുമൂടിയശേഷം അഖിൽ ജോലിസ്ഥലത്തേക്കും മറ്റു പ്രതികൾ ഗുരുവായൂരിലേക്കും പോകുകയായിരുന്നു.
പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആലപ്പുഴ പി.പി.ഗീത, അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീൻ എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.