വാങ്ങിക്കുന്നവൻ ഉപയോഗിക്കുന്നില്ല, ഉപയോഗിക്കുന്നവൻ അറിയുന്നില്ല’. ശവപ്പെട്ടിയെന്ന് ഉത്തരം കിട്ടുന്ന കടങ്കഥയാണിത്. അൽപം ഭേദഗതി വരുത്തിയാൽ ‘വി.എസ്. അച്യുതാനന്ദെൻറ ഫേസ്ബുക്ക് പേജ്’ എന്ന് ഉത്തരം കിട്ടുന്ന ഒരു കടങ്കഥയുണ്ടാക്കാം- ‘ഉപയോഗിക്കുന്നവൻ എഴുതുന്നില്ല, എഴുതുന്നവൻ ചീത്തകേൾക്കുന്നില്ല’. വയനാട്ടിൽ മത്സരിക്കാനെത്തുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ‘പപ്പു’ എന്ന് കളിയാക്കി ദേശാഭിമാനി നടത്തിയ ‘എഡിറ്റോറിയലിക്കൽ സ്ട്രൈക്’ വിവാദമായതിനു പിന്നാലെയാണ് രാഹുലിനെ ‘അമുൽ പുത്രൻ’ എന്ന് വീണ്ടും അധിക്ഷേപിച്ച് വി.എസ് ഫേസ്ബുക്കിലെത്തുന്നത്.
ഇരിക്കുന്ന കൊമ്പില്‍ കോടാലിവെക്കുന്ന രാഹുലിെൻറ ബുദ്ധിയെയാണ് അന്ന് താന്‍ അമുല്‍ ബേബി എന്ന് വിളിച്ചതെന്നും ആ വിളിതന്നെ ഇന്നും പ്രസക്തമാണെന്നുമാണ് പോസ്റ്റിലുള്ളത്. പോസ്റ്റ് വൈറൽ ആകാനും വി.എസിന് െപാങ്കാലകിട്ടാനും അധികനേരം വേണ്ടി വന്നില്ല. ‘ഇതെഴുതിയത് താങ്കളല്ലെന്ന് തലയിൽ ആൾതാമസം ഉള്ള ആർക്കും മനസ്സിലാകും. ദേശാഭിമാനിയിൽ എഴുതി പുലിവാൽ പിടിച്ചപ്പോൾ, എന്നാൽ കിടക്കട്ടെ അച്യുതാനന്ദെൻറ പേരിലും ഒരു അപവാദം എന്ന എ.കെ.ജി സെൻററിലെ കുബുദ്ധികൾ ഉണ്ടാക്കിയെടുത്ത പോസ്റ്റ് ആണിത്’ എന്ന കണ്ടെത്തൽ നടത്തി പലരും.
വി.എസിനെ ‘കറിവേപ്പില’ എന്ന് അധിക്ഷേപിച്ച് കൊണ്ടുള്ള കമൻറുകളായിരുന്നു അധികവും. ‘ഞാൻ രാഹുൽ ഗാന്ധിയെ അമുൽ ബേബി എന്ന് വിളിച്ചു... പക്ഷേ, ഞാൻ എന്നെ ‘കറി വേപ്പില’ എന്നാണ് സ്ഥിരമായി വിളിക്കാറ്’ എന്ന മട്ടിലുള്ള കമൻറുകൾ എത്തി. വി.എസിനെ ‘സ്വന്തം കൂട്ടിൽ കാഷ്ഠിക്കുന്ന പക്ഷി’ എന്ന് സുകുമാർ അഴീക്കോട് വിമർശിച്ചതും കാപിറ്റൽ പണിഷ്മെൻറ് നൽകണമെന്ന സ്വരാജ് എം.എൽ.എയുടെ പരാമർശവുമൊക്കെ പൊങ്കാല വിഭവങ്ങളായി. രാഹുലിനെതിരെ മത്സരിക്കാൻ വി.എസിനെ വെല്ലുവിളിക്കാനും ചിലർ മറന്നില്ല. വി.എസിന് സംസാരശേഷി തിരിച്ചുകിട്ടിയതിെൻറ സന്തോഷവും ചിലർ പങ്കുവെച്ചു.
രാഹുലിെൻറ സ്ഥാനാർഥിത്വം ആഘോഷിക്കുന്നവർ പാക് പതാക വീശുന്നു എന്ന് അദ്ഭുതം കൂറി ‘ചൗക്കിദാർ’ പ്രേരണകുമാരി ട്വിറ്ററിലിട്ട ലീഗുകാരുടെ ആഹ്ലാദവിഡിയോ വൈറലാകാനും അധികനേരം വേണ്ടി വന്നില്ല. ‘ആട്ടിൻകാട്ടവും മൂത്തുപ്പേരിയും’ കണ്ടാൽ തിരിച്ചറിയാത്ത ആളല്ല പ്രേരണകുമാരി. പക്ഷേ, അത് തിരിച്ചറിയാനാകാത്ത തെൻറ പാളയത്തിലെ ആളുകൾക്ക് ഇത് പ്രേരണയായിക്കോെട്ട എന്ന് അവർ കരുതിയതിൽ തെറ്റുമില്ല. ഇത് രണ്ടും തിരിച്ചറിയാമെന്ന് മലയാളികൾ വിശ്വസിക്കുന്ന വി.ടി. ബൽറാം എം.എൽ.എ ‘നമ്മൾ ജയിക്കും നമ്മളേ ജയിക്കൂ’ എന്ന അടിക്കുറിപ്പോടെ ഇട്ട പോസ്റ്റ് പേക്ഷ സെൽഫ് ട്രോൾ പോലായി. രാഹുലിെൻറ ചിത്രത്തിനു പകരം ‘ലൂസിഫർ’ സിനിമയിലെ സ്റ്റിലാണ് ബൽറാം ഉപയോഗിച്ചത്. കോൺഗ്രസ് പതാക ആകെട്ട അതിൽ തലതിരിച്ചുമാണ്. നേതൃത്വത്തിെൻറ തലതിരിഞ്ഞ തീരുമാനത്തെ വിമർശിച്ചതാണോ ആവോ!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.