അരൂർ : ശക്തമായ മഴ മൂലമുണ്ടായ വെള്ളക്കെട്ട് ഒഴുവാക്കാൻ അന്ധകാരനഴിപ്പൊഴിയിലെ മണൽ നീക്കി തുടങ്ങി. കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന മഴ മൂലം ചെല്ലാനം മുതൽ പട്ടണക്കാട് വരെയുള്ള പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. മഴ പെയ്ത്തു മൂലം നിരവധി വീടുകൾ വെള്ളത്തിലായതോടെ ജനജീവിതം ദുരിതത്തിലായിരിക്കുകയാണ്.
കായലിലെ വെള്ളം കടലിലേയ്ക്കു പോകുന്നതിന് പൊഴിയിൽ നീരോഴുക്കു സുഗമമായാൽ മാത്രമേ വെള്ളക്കെട്ടിനു ശമനമുണ്ടാകുകയുള്ളു.ഒരു മാസം മുൻപാണ് ഇറിഗേഷൻ വകുപ്പ് ലക്ഷങ്ങൾ മുടക്കി പൊഴിയിലെ മണ്ണു നീക്കം ചെയ്യതത്. കുറച്ചു നാൾ പൊഴി തുറന്നു കിടന്നെങ്കിലും കഴിഞ്ഞാഴ്ച മണൽ വന്നു പൊഴി അടയുകയായിരുന്നു. എന്നാൽ വെള്ളം ഒഴുകി പോകുന്ന സമീപത്തെ രണ്ടു സ്പിൽവേ ഷട്ടറുകൾ മുഴുവനായും അടച്ചിട്ടതാണ് പൊഴി പെട്ടെന്ന് മണ്ണു വന്നു അടിയാൻ കാരണമായതെന്നു മത്സ്യത്തൊഴിലാളികൾ പറഞ്ഞു. പൊഴി അടഞ്ഞതോടെ വള്ളം കടലിലേയ്ക്ക് ഇറക്കുവാനും പോലും കഴിയുന്നില്ല.
ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ യന്ത്ര സഹായത്തോടെയാണ് മണൽ വീണ്ടും മാറ്റുന്നത്. എല്ലാവർഷവും പല തവണകളായി മണൽ നീക്കം ചെയ്യുമ്പോൾ സർക്കാർ ലക്ഷങ്ങളാണ് ചെലവഴിക്കുന്നത്. എന്നാൽ നീരോഴുക്കു തടസ്സപ്പെടുന്ന രീതിയിൽ പലപ്പോഴായി സ്പിൽവേ ഷട്ടറുകൾ അധികൃതർ ഇടപ്പെട്ട് മുഴുവനായും അടയ്ക്കുമ്പോളാണ് മണ്ണു വന്നു പൊഴി അടയുന്നതെന്നു മത്സ്യത്തൊഴിലാളികൾ പറഞ്ഞു. പൊഴി ഏതു സമയവും തുറന്നു കിടക്കുവാനുള്ള സാഹചര്യം സൃഷ്ടിക്കാതെ ലക്ഷങ്ങൾ മുടക്കി യന്ത്ര സഹായത്തോടെ മണ്ണു നീക്കം ചെയ്യുവാനുള്ള പതിവ് ഇറിഗേഷൻ വകുപ്പ് എല്ലാവർഷവും നടത്തുന്നതെന്നും തൊഴിലാളികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.