കോട്ടയം: പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനി അഞ്ജു പി. ഷാജിയെ മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ചേര്‍പ്പുങ്കല്‍ ബി.വി.എം. കോളജിനെതിരെ എം.ജി. സര്‍വകലാശാല അന്വേഷണ സമിതി. പരീക്ഷാഹാളില്‍ അഞ്ജു പി. ഷാജിക്ക് മാനസിക പീഡനം നേരിടേണ്ടി വന്നതായി സര്‍വകലാശാല അന്വേഷണ സമിതി പ്രാഥമികമായി വിലയിരുത്തി. സമിതി ഇന്ന് വൈസ് ചാൻസലറിന് റിപ്പോർട്ട് സമർപ്പിക്കും.
കോപ്പി പിടിച്ചെന്ന് പറയുന്ന അധികാരികള്‍ അതിനുശേഷം കുട്ടിയെ ഏറെ നേരം ഹാളിലിരുത്തി. ഇത് മാനസിക സംഘര്‍ഷം ഉണ്ടാക്കിയിരിക്കാം. എന്നാല്‍, അന്വേഷണം തുടരുകയാണെന്നും ഒന്നും വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അഞ്ജുവിനെ ഒരു മണിക്കൂര്‍ ക്ലാസില്‍ ഇരുത്തിയത് ഗുരുതരമായ വീഴ്ചയാണ്. കുറ്റം കണ്ടെത്തിയാല്‍ പരീക്ഷാ ഹാളില്‍ ഇരുത്തരുതെന്നാണ് സര്‍വകലാശാല നിയമമെന്നും അന്വേഷണ സമിതി ചൂണ്ടിക്കാട്ടുന്നു.
ഡോ. എം.എസ്. മുരളിയുടെ നേതൃത്വത്തിൽ സര്‍വകലാശാല സിന്‍ഡിക്കേറ്റംഗങ്ങള്‍ ഉൾപ്പെടുന്ന മൂന്നംഗ സമിതിയാണ് ബുധനാഴ്ച ചേര്‍പ്പുങ്കല്‍ ബി.വി.എം കോളജിലെത്തിയത്. സര്‍വകലാശാലാ ചട്ടങ്ങളുടെ ലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിച്ചതായി ഡോ. എം.എസ്. മുരളി പറഞ്ഞു.
പ്രിന്‍സിപ്പല്‍, ഇന്‍വിജിലേറ്റര്‍ തുടങ്ങിയവരില്‍ നിന്ന് സമിതി മൊഴിയെടുത്തു. വിദ്യാര്‍ഥിനിയുടെ സമീപത്ത് ഇരുന്ന പരീക്ഷയെഴുതിയ വിദ്യാര്‍ഥിനികളിൽ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. കോളജിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ സമിതി അംഗങ്ങൾ പരിശോധിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.