പാലക്കാട്: മൈക്രോഫിനാൻസ് സ്ഥാപനങ്ങളുടെ ഭീഷണിയിൽ ജില്ലയിൽ വീണ്ടും ആത്മഹത്യ. നിർമാണ തൊഴിലാളിയായ തേങ്കുറുശ്ശി വെമ്പല്ലൂർ അമ്പാളിമേട്ടിൽ അനിൽകുമാറിന്റെ ഭാര്യ ജലജയെയാണ് (38) വീടിന് സമീപത്തെ കാടുപിടിച്ച സ്ഥലത്ത് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വിവിധ സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുത്തതിൽ തിരിച്ചടവുമായ ബന്ധപ്പെട്ട മാനസിക സമർദമാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് പ്രാഥമിക വിവരം. ഇത്തരം സ്ഥാപനങ്ങളുടെ കടക്കെണയിൽപെട്ട് തേങ്കുറുശ്ശിയിൽ 2018ൽ ആറ് പേർ ആത്മഹത്യ ചെയ്തിരുന്നു. ചിറ്റൂർ, വടവന്നൂർ, പുതുനഗരം മേഖലകളിലായി അടുത്ത കാലത്ത് നാല് പേരും ജീവനൊടുക്കി.
കുടുംബശ്രീ അയൽകൂട്ടങ്ങളുടെ മറ പറ്റിയാണ് ഇത്തരം സ്ഥാപനങ്ങളിലെ ഏജൻറുമാർ സ്ത്രീ കൂട്ടായ്മകളിലേക്ക് നുഴഞ്ഞ് കയറുന്നത്. യാതൊരു പ്രമാണവും വാങ്ങാതെ പരസ്പരകൂട്ടായ്മയുടെ ഉറപ്പിൻമേൽ ലക്ഷങ്ങൾ വായ്പ വാങ്ങി അകപ്പെട്ട് പുറത്ത് കടക്കാൻ കഴിയാതെ വരുമ്പോഴാണ് ഇത് കെണിയാണന്ന് ബോധ്യം വരുന്നത്.
സംഘങ്ങൾക്കാണ് വായ്പ നല്കുന്നത്. അതിനാൽ സംഘത്തിലെ മുഴുവൻ അംഗങ്ങളുടെയും തിരിച്ചടവ് വിഹിതം ഉണ്ടങ്കിൽ മാത്രമാണ് സംഖ്യ സ്വകരിക്കുക. എതെങ്കിലും ഒരംഗത്തിന് ഒരാഴ്ച തിരിച്ചടവിന് കഴിഞ്ഞില്ലങ്കിൽ മറ്റ് അംഗങ്ങൾ സമർദ്ദം ചെലുത്തി തിരിച്ചടവ് ഉറപ്പു വരുത്തും.
ഇത് പലപ്പോഴും മാനസിക സംഘർഷത്തിന് കാരണമാകാറുണ്ടന്ന് സംഘാംഗങ്ങൾ സമ്മതിക്കുന്നു. അതിർത്തി കടന്ന് എത്തുന്ന തമിഴ്നാട് വട്ടിപലിശക്കാരും നാട്ടിലെ ബ്ലേഡ് സംഘങ്ങളും ഓപ്പറേഷൻ കുബേരയുടെ ഭാഗമായി മാറി നില്ക്കേണ്ടിവന്ന ഘട്ടത്തിലാണ് ഇത്തരം മൈക്രോഫിനാൻസ് സ്ഥാപങ്ങൾ ഗ്രാമീണമേഖലയിൽ തമ്പടിച്ച് സാധാരണക്കാരയ സ്ത്രീകളെ സാമ്പത്തിക കെണിയിൽപെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.