തിരുവനന്തപുരം: സ്വന്തം കുഞ്ഞിനെ തിരികെ ലഭിക്കാൻ പോരാടുന്ന അനുപമക്ക് എല്ലാ പിന്തുണയും പാർട്ടി നൽകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. നിയമപരമായി പരിഹാരം കാണേണ്ട വിഷയമാണിത്. പാർട്ടി എന്ന നിലക്ക് പ്രശ്നം പരിഹരിക്കാനാകില്ല.
വിഷയം പാർട്ടിയുടെ ശ്രദ്ധയിൽപ്പെട്ടപ്പോൾ തിരുവനന്തപുരം ജില്ല കമ്മിറ്റി ഇടപെട്ടതാണ്. ഇതുസംബന്ധിച്ച കാര്യങ്ങൾ ജില്ല സെക്രട്ടറി വ്യക്തമാക്കിയിരുന്നു.
അനുപമക്ക് എല്ലാവിധ നിയമസഹായങ്ങളും നൽകേണ്ടതുണ്ട്. ബന്ധപ്പെട്ട മന്ത്രി അവരോട് സംസാരിച്ചു. കുഞ്ഞിനെ അമ്മക്ക് കിട്ടുക എന്നത് അവരുടെ അവകാശമാണ്. അതിനുവേണ്ട എല്ലാ പരിശ്രമങ്ങളും നടത്തും. അധികൃതരുടെ അനുകൂലമായ ഇടപെടലുകൾ ഇക്കാര്യത്തിലുണ്ട്. ഒരു തെറ്റിനെയും പാർട്ടി പിന്താങ്ങില്ലെന്നും വിജയരാഘവൻ പറഞ്ഞു.
വിഷയത്തിൽ പാർട്ടിയെ കുറ്റപ്പെടുത്തേണ്ടതില്ലെന്നും പാർട്ടി അറിഞ്ഞിരുന്നുവെങ്കിൽ ഇങ്ങനെ സംഭവിക്കില്ലെന്നും ചോദ്യത്തിന് മറുപടിയായി വിജയരാഘവൻ വ്യക്തമാക്കി.
അനുപമയോടൊപ്പം തന്നെയാണ് പാർട്ടിയും സർക്കാറുമുള്ളതെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി പറഞ്ഞു. അനുപമയുടെ കുഞ്ഞിനെ തിരികെ നൽകാൻ വേണ്ടി പരിശ്രമിച്ചിട്ടുണ്ടെന്നും അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
2020 ഒക്ടോബര്‍ 22ന് പ്രസവിച്ച ശേഷം ആശുപത്രിയിൽനിന്ന് മടങ്ങും വഴി തിരുവനന്തപുരം ജഗതിയില്‍ വെച്ച് തന്‍റെ പിതാവും മാതാവും ചേര്‍ന്ന് കുഞ്ഞിനെ ബലമായി എടുത്തുകൊണ്ടുപോയി എന്നായിരുന്നു മുൻ എസ്.എഫ്.ഐ നേതാവ് അനുപമയുടെ പരാതി. ഏപ്രില്‍ 19 ന് പേരൂര്‍ക്കട പൊലീസില്‍ ആദ്യ പരാതി നല്‍കി. തുടർന്ന് ഡി.ജി.പി, മുഖ്യമന്ത്രി, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി, സി.പി.എം നേതാക്കള്‍ തുടങ്ങി എല്ലാവര്‍ക്കും പരാതി നല്‍കിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് അനുപമ മാധ്യമങ്ങളെ സമീപിച്ചത്.
നിലവില്‍ പേരൂര്‍ക്കട പൊലീസ് നടത്തുന്ന അന്വേഷണം കേസ് അട്ടിമറിക്കാനാണെന്നും അന്വേഷണ മേല്‍നോട്ടമാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അനുപമ വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രിലില്‍ ശിശുക്ഷേമസമിതിയില്‍ അവിടെ ലഭിച്ച കുഞ്ഞുങ്ങളുടെ വിവരം തേടി അനുപമയും അജിത്തും എത്തിയിരുന്നു. വിവരങ്ങള്‍ കോടതിയിലേ നല്‍കൂ എന്നാണ് സമിതി അന്ന് ഇവരോട് പറഞ്ഞത്. സമിതിയിലെ ഉന്നതരായ പലര്‍ക്കും കുഞ്ഞിനെ ഇവിടെ ഏല്‍പ്പിച്ച വിവരം അറിയാമായിരുന്നെന്നും ഒത്തുകളിയുണ്ടെന്നുമാണ് അനുപമയുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.