'അനുസ്യൂത യാത്ര' കൊച്ചിയിൽ യാഥാർഥ്യമാക്കും -മുഖ്യമന്ത്രി

കൊച്ചി : വിവിധ ഗതാഗത സംവിധാനങ്ങളെ കോർത്തിണക്കി 'അനുസ്യൂത യാത്ര' എന്ന സ്വപ്നം കൊച്ചിയിൽ യാഥാർഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായുള്ള മെട്രോപൊളിറ്റൻ ആക്ടിൻ്റെ ആദ്യചുവടുവെപ്പ്​ നടത്തിയിരിക്കുകയാണ്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടപ്പാക്കുന്ന സീം ലെസ് മൊബിലിറ്റി യാഥാർഥ്യമാക്കാൻ ഇൻറലിജൻറ്​ ട്രാഫിക് സിസ്റ്റം സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചി സ്മാർട്ട് മിഷൻ പദ്ധതിയുടെ ഭാഗമായി ഗതാഗതക്കുരുക്ക് ഒഴിവാക്കി സുരക്ഷിത യാത്രയൊരുക്കുന്ന ഇൻറലിജൻറ്​ട്രാഫിക് മാനേജ്മെൻറ് സിസ്റ്റം വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിത സൗകര്യ വർധനവിന് കാര്യക്ഷമമായ നഗര സേവനങ്ങൾ ലഭ്യമാക്കുന്ന കൊച്ചി സ്മാർട്ട് മിഷൻ പദ്ധതിയുടെ ഭാഗമായി കൊച്ചി മെട്രോ, വാട്ടർ മെട്രോ, ബസ്-ഓട്ടോ തൊഴിലാളികളുടെ സൊസൈറ്റി തുടങ്ങി വിവിധ ഗതാഗത സംവിധാനങ്ങളെ കോർത്തിണക്കിയാകും അനുസ്യൂത യാത്ര സൗകര്യം ഒരുക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെഹിക്കിൾ ആക്യുവേറ്റഡ് സിഗ്നലുകൾ, കാൽനടക്കാർക്ക്​ റോഡ് കുറുകെ കടക്കാൻ സ്വയം പ്രവർത്തിപ്പിക്കാവുന്ന പെലിക്കൺ സിഗ്നൽ, മൂന്ന് മോഡുകളിൽ ഏരിയ ട്രാഫിക് മാനേജ്മെൻറ്​, നിരീക്ഷണ ക്യാമറകൾ, ചുവപ്പ് ലൈറ്റ് ലംഘനം നടത്തുന്ന വാഹനങ്ങളെ തിരിച്ചറിയാനുള്ള സംവിധാനം, നഗരത്തിലെ അപ്പപ്പോഴുള്ള ഗതാഗത പ്രശ്നങ്ങൾ പ്രദർശിപ്പിക്കുന്ന ബോർഡുകൾ, നിയന്ത്രണ കേന്ദ്രം എന്നിവയാണ് ഇൻറലിജൻറ്​ ട്രാഫിക് മാനേജ്മെൻറ്​ സിസ്റ്റം പദ്ധതിയുടെ ഭാഗമായി സജ്ജമാക്കിയിരിക്കുന്നത്.

നഗരത്തിലെ തിരക്കനുസരിച്ച്​ സ്വയം പ്രവർത്തിക്കുന്ന വെഹിക്കിൾ സിഗ്നൽ നിലവിൽ വരുന്നതോടെ കാത്തുനിൽപ്പ് ഒഴിവാക്കി വാഹനങ്ങളുള്ള ട്രാക്കിനും ഇല്ലാത്ത ട്രാക്കിനും വ്യത്യസ്ത പരിഗണന നൽകി സിഗ്നലുകൾ പ്രവർത്തിക്കും. റഡാർ സംവിധാനം ഉപയോഗിച്ച് വാഹനത്തിരക്ക് അനുസരിച്ച് ഓട്ടോമാറ്റിക്കായി സിഗ്നൽ സമയം ക്രമീകരിക്കും. കൊച്ചി നഗരത്തിലും പുറത്തുമായി 21 പ്രധാന ജങ്​ഷനുകളിലാണ് സിഗ്നലുകൾ സ്ഥാപിച്ചിരിക്കുന്നത്. റോഡിലെ വാഹനങ്ങളുടെ തിരക്കനുസരിച്ച് ഗതാഗതം സുഗമമാക്കാൻ ഇതുവഴി കഴിയും.

കാൽനട യാത്രക്കാർക്ക് റോഡ് കുറുകെ കടക്കാൻ പെലിക്കൺ സിഗ്നലുകളും പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്. ട്രാഫിക് സിഗ്നൽ നിയന്ത്രണത്തിനൊപ്പം ഗതാഗത നിയമലംഘനം പിടികൂടാനും ഐ.ടി.എം.എസ് സഹായിക്കും. റെഡ് ലൈറ്റ് ലംഘിക്കുന്നവരെ പിടികൂടാനായി 35 കേന്ദ്രങ്ങളിൽ നൂതന ക്യാമറകളും സിസ്റ്റത്തി​െൻറ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്. രാത്രിയിലും മോശം കാലാവസ്ഥയിലും വ്യക്തമായ ചിത്രങ്ങൾ പകർത്താൻ ഇവക്കാകും.

സെൻട്രൽ കൺട്രോൾ സിസ്റ്റം വഴി ഐ.ടി.എം.എസ് സ്ഥാപിച്ച ജങ്​ഷനുകളുടെ നിയന്ത്രണം ഒരു കേന്ദ്രത്തിൽ നിന്ന് നടത്താനാകും. മുഴുവൻ കേന്ദ്രങ്ങളിലെയും വിവരങ്ങൾ കാണാനും ആവശ്യമായ പരിഷ്കാരങ്ങൾ നടത്താനും ഇതിലൂടെ കഴിയും. റവന്യൂ ടവറിൽ ഒരുക്കിയിരിക്കുന്ന കൺട്രോൾ സെൻററിൽ ഗതാഗതം നിരീക്ഷിക്കാനും നിർദ്ദേശങ്ങൾ നൽകാനും സൗകര്യമുണ്ട്. അഞ്ച് വർഷത്തെ പരിപാലനവും ഉദ്യോഗസ്ഥർക്കുള്ള പരിശീലനവുമുൾപ്പെടെ 27 കോടി രൂപക്കാണ് പദ്ധതി കെൽട്രോൺ നടപ്പാക്കിയത്.

കേന്ദ്ര-സംസ്ഥാന സർക്കാരുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന കേന്ദ്രീകൃത ഹെൽത്ത് കെയർ സംവിധാനമായ ഇ -ഹെൽത്ത് വളരെ പെട്ടെന്ന് ചികിൽസ കിട്ടാൻ വഴി തുറക്കുമെന്നും ഇത് ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുമെന്നും എറണാകുളം ജനറൽ ആശുപത്രിയിൽ നടപ്പിലാക്കുന്ന ഇ-ഹെൽത്ത് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ പറഞ്ഞു.

ഐ.സി 4ലെ മോട്ടോർ വാഹന വകുപ്പ് സെല്ലി​െൻറ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിച്ചു. കേരളത്തിൽ ആദ്യമായി കൊച്ചിയിൽ നിലവിൽ വന്ന മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ പ്രവർത്തനം ഐ.സി.സി 4ലെ എം.വി. ഡി സെല്ലിലായിരിക്കും. നിയമലംഘനം നടത്തുന്നവർക്കെതിരെ ക്യാമറ സിസ്റ്റത്തിലൂടെ ഇ-ചെലാൻ ഉപയോഗിച്ച് നിയമ നടപടി സ്വീകരിക്കും. നിയമം ലംഘിക്കാതിരിക്കുന്നതാണ് പ്രധാനമെന്ന് ജനപ്രതിനിധികൾ ജനങ്ങളെ പൊലീസി​െൻറയും മോട്ടോർ വാഹന വകുപ്പി​െൻറയും സഹകരണത്തോടെ ബോധവാന്മാരാക്കണമെന്ന് മന്ത്രി പറഞ്ഞു. ലോക്​ഡൗണിൽ ഇളവ് വന്നതിനുശേഷവും വാഹനാപകടങ്ങളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കൊച്ചി സ്മാർട്ട് മിഷൻ്റെ ലോഗോയും ഔദ്യോഗിക വീഡിയോ പ്രകാശനവും കൊച്ചി മേയർ സൗമിനി ജെയിൻ നടത്തി. കൊച്ചി സ്മാർട്ട് മിഷൻ നിർമിച്ച 1000 ഫേസ് മാസ്ക്കുകളുടെ വിതരണ ഉദ്ഘാടനം ഹൈബി ഈഡൻ എം.പി കൊച്ചി സിറ്റി പോലീസ് കമീഷണർ വിജയ് സാക്കറെക്ക്​ നൽകി നിർവഹിച്ചു.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജൻ, ടി.ജെ. വിനോദ് എം എൽ എ , പി.ടി. തോമസ് എം.എൽ.എ , ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്​ ഡോളി കുര്യാക്കോസ്, കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേംകുമാർ, ജി.സി.ഡി.എ ചെയർമാൻ വി. സലീം, ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, ഡി ജി പി ലോക്നാഥ് ബഹ്റ, കേന്ദ്ര ജോയിൻറ്​ സെക്രട്ടറി കുണാൽ കുമാർ, കൊച്ചി സ്മാർട് മിഷൻ ജാഫർ മാലിക് ജില്ലാ കലക്ടർ എസ്. സുഹാസ് , ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - anusyootha yatra will be implimeneted in kochi said kerala cm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.