കോഴിക്കോട്: പാലാഴിയിലെ എനിടൈം മണി (എ.ടി.എം) സാമ്പത്തിക തട്ടിപ്പുകേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പന്തീരാങ്കാവ് പൊലീസും. രജിസ്റ്റർ ചെയ്ത 18 കേസുകളിൽ നാലെണ്ണത്തിലാണ് നാല് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബാക്കി കേസുകളിൽ വരും ദിവസങ്ങളിൽ അറസ്റ്റുണ്ടാവും.
എല്ലാ കേസുകളിലും ഒരുമിച്ച് ജാമ്യാപേക്ഷ നൽകുന്നതൊഴിവാക്കുകകൂടി ലക്ഷ്യമിട്ടാണ് പൊലീസ് ഒരുമിച്ച് അറസ്റ്റ് രേഖപ്പെടുത്താത്തത്. കണ്ണൂര്‍ അര്‍ബന്‍ നിധി ഡയറക്ടര്‍ കെ.എം. ഗഫൂര്‍, അസി. ജനറല്‍ മാനേജർ സി.വി. ജീന, എനിടൈം മണി ഡയറക്ടര്‍ ഷൗക്കത്തലി, മാനേജിങ് ഡയറക്ടര്‍ ആന്റണി സണ്ണി എന്നിവരുടെ അറസ്റ്റാണ് ഇതിനകം രേഖപ്പെടുത്തിയത്. കണ്ണൂർ അർബൻ നിധി ലിമിറ്റഡ് (കെ.യു.എൻ.എൽ) തട്ടിപ്പുകേസിൽ റിമാൻഡിലായ ഈ നാല് പ്രതികളെയും കോടതി അനുമതിയോടെ കണ്ണൂർ ജയിലിൽ പോയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എനിടൈം മണിയുടെ മാതൃസ്ഥാപനമാണ് കണ്ണൂരിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കണ്ണൂർ അർബൻ നിധി ലിമിറ്റഡ്. കണ്ണൂരിലെ അന്വേഷണസംഘമാണ് ഇവരെ അറസ്റ്റുചെയ്തത്.
പാലാഴിയിലെ എനിടൈം മണി സ്ഥാപനത്തിൽ ലക്ഷങ്ങൾ നിക്ഷേപിച്ചവർക്കെല്ലാം അധികൃതർ കണ്ണൂർ അർബൻ നിധി ലിമിറ്റഡിന്റെ നിക്ഷേപ സർട്ടിഫിക്കറ്റുകളാണ് നൽകിയിരുന്നത്. പന്തീരാങ്കാവ് പൊലീസ് രജിസ്റ്റർചെയ്ത ആദ്യ രണ്ടു കേസുകളിലെ അന്വേഷണം സിറ്റി പൊലീസ് മേധാവി രാജ്പാൽ മീണയുടെ നിർദേശത്തെ തുടർന്ന് ജില്ല ക്രൈം ബ്രാഞ്ച് (സി-ബ്രാഞ്ച്) ഏറ്റെടുത്തിരുന്നു. ഇതിന്റെ അന്വേഷണത്തിന്റെ ഭാഗമായി കെ.എം. ഗഫൂര്‍, ഷൗക്കത്തലി, ആന്റണി സണ്ണി എന്നിവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു. ഈ കേസുകളിൽ സി.വി. ജീന പ്രതിയല്ല. പ്രതികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കമാണ് അന്വേഷണസംഘം പരിശോധിച്ചത്.
നിക്ഷേപം വൻതോതിൽ വന്നുചേർന്നതോടെ ഡയറക്ടർമാരിൽ ചിലർ വൻതുക പിൻവലിച്ചതാണ് സ്ഥാപനം പ്രതിസന്ധിയിലാകാനിടയാക്കിയത് എന്നാണ് ഇവർ നൽകിയ സൂചന. അതിനിടെ പന്തീരാങ്കാവ് പൊലീസ് പാലാഴിയിലെ എനിടൈം മണിയുടെ ഓഫിസ് പൂട്ടി സീൽ ചെയ്തിരിക്കുകയാണ്. കൊയിലാണ്ടി, പന്നിയങ്കര പൊലീസിലും തട്ടിപ്പിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2021ൽ പാലാഴിയിൽ പ്രവർത്തനം തുടങ്ങിയ എനിടൈം മണി വൻ ശമ്പളം നൽകി നിയമിച്ച ജീവനക്കാരിൽനിന്നാണ് പ്രധാനമായും 15 ലക്ഷം രൂപവരെ നിക്ഷേപം സ്വീകരിച്ചത്. നിക്ഷേപത്തിന് ഒമ്പതു ശതമാനം നിരക്കിൽ പലിശയും സ്ഥാപനം വാഗ്ദാനം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.