അപർണ കെ. ശർമക്ക് ഇത് 18 വർഷം മുമ്പുള്ള ഓർമകളിലേക്കുള്ള മടക്കയാത്രയായിരുന്നു. അമ്പിളിദേവിയും മീര ശ്രീനാരായണനുമെല്ലാം അരങ്ങുനിറഞ്ഞുനിന്ന കാലത്ത് കലാതിലക പട്ടം നേടിയ കാലത്തേക്കുള്ള യാത്ര. 2000ത്തിൽ പാലക്കാട്ട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലാണ് അപർണ കെ. ശർമ കലാതിലകമായത്. ഭരതനാട്യത്തിലും കഥാപ്രസംഗത്തിലും ഒന്നാംസ്ഥാനവും ഹിന്ദി പദ്യംചൊല്ലലിൽ രണ്ടാംസ്ഥാനവും കരസ്ഥമാക്കിയാണ് കലാതിലക പട്ടം ചൂടിയത്.
അക്കാലത്ത് കലാകാരികളായ കൂട്ടുകാരുടെ സംഗമവേദിയായാണ് സംസ്ഥാന കലോത്സവത്തെ കണ്ടിരുന്നത്. കുടുംബസംഗമം പോലെയായിരുന്നു അക്കാലമെന്ന് അപർണ ഓർത്തെടുക്കുന്നു. ഗുരുവായൂർ സ്വദേശിയായ അപർണ ഇപ്പോൾ കുടുംബവുമൊത്ത് ഉഡുപ്പിയിലാണ് താമസം. നൃത്തത്തിനും സംഗീതത്തിനുമായി ജീവിതം മാറ്റിെവച്ച അപർണ ഇന്ന് ഇന്ത്യയിലും വിദേശത്തുമായി നിരവധി വേദികളിൽ പരിപാടികൾ അവതരിപ്പിച്ചുവരുന്നു. നൃത്തരൂപങ്ങൾക്കുള്ള സംഗീതരചനയിലും സംവിധാനത്തിലുമാണ് ഇപ്പോൾ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.
മത്സരക്കാലത്തിനുശേഷം കലോത്സവം കാണാൻ എത്തുന്നത് ആദ്യമാണെന്നും അപർണ പറഞ്ഞു. മണിപ്പാൽ യൂനിവേഴ്സിറ്റിയിലെ പ്രഫസറായ ഡോ. നന്ദകിഷോറാണ് ഭർത്താവ്. ഭക്തി ഹിരൺമയി മകളാണ്. മികച്ച നിലവാരം പുലർത്തുന്നതാണ് ഇപ്പോഴത്തെ കുട്ടികളുടെ പ്രകടനമെന്ന് അപർണ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.