എ.പി.പി അനീഷ്യയുടെ ആത്മഹത്യ: സി.ബി.ഐ അന്വേഷിക്കണമെന്ന മാതാവിന്‍റെ ഹരജിയിൽ വിശദീകരണം തേടി

കൊച്ചി: കൊല്ലം പരവൂർ മുൻസിഫ് കോടതിയിലെ അസിസ്റ്റന്‍റ്​ പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്​ മാതാവ്​ ​പ്രസന്ന ഹൈകോടതിയിൽ. ഉന്നത സ്വാധീനത്താൽ പൊലീസ്​ അന്വേഷണം അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്ന്​ കാട്ടിയാണ്​ ഹരജി​. ഇത്​ പരിഗണിച്ച ജസ്റ്റിസ് പി.ജി. അജിത്​ കുമാർ സർക്കാറടക്കം എതിർകക്ഷികളുടെ നിലപാട്​ തേടി. വിശദീകരണത്തിന്​ സർക്കാർ സമയം തേടിയതിനെത്തുടർന്ന്​ ഹരജി മാർച്ച്​ 27ലേക്ക്​ മാറ്റി.

ജനുവരി 21നാണ്​ നെടുങ്ങോലം പോസ്റ്റ് ഓഫിസ് ജങ്ഷനുസമീപം പ്രശാന്തിയിൽ അനീഷ്യയെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഉന്നത ഉദ്യോഗസ്ഥരിൽനിന്നും സഹപ്രവർത്തകരിൽനിന്നുമുണ്ടായ മാനസിക പീഡനവും ജോലിയുമായി ബന്ധപ്പെട്ട സമ്മർദവുമാണ് ആത്മഹത്യയിലേക്ക്​ നയിച്ചതെന്ന ആരോപണം ഉയർന്നിരുന്നു. ആത്​മഹത്യക്കുറിപ്പിലും ഇത്​ സംബന്ധിച്ച സൂചനകളുണ്ടായിരുന്നു.

ജില്ല പബ്ലിക്​ പ്രോസിക്യൂട്ടർ അബ്​ദുൽ ജലീൽ, എ.പി.പി ശ്യാം കൃഷ്​ണൻ എന്നിവരെ അച്ചടക്ക നടപടിയുടെ ഭാഗമായി സസ്​പെൻഡ്​ ചെയ്തിരുന്നു. എന്നാൽ, ഇതിനുശേഷം അന്വേഷണം ഒരിഞ്ചുപോലും മുന്നോട്ട്​ പോയിട്ടില്ലെന്ന്​ ഹരജിയിൽ ആരോപിക്കുന്നു. അന്വേഷണം സി.ബി.ഐക്ക്​ വിടണമെന്ന്​ ആവശ്യപ്പെട്ട്​ മാർച്ച്​ അഞ്ചിന്​ സർക്കാറിന്​ നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ്​ ആരോപണം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.