തിരുവനന്തപുരം: കോർപറേഷനിലെ നിയമന കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ച്, വിജിലൻസ് അന്വേഷണങ്ങൾ പുരോഗമിക്കവെ കാര്യങ്ങൾ കൂടുതൽ കുരുക്കിലേക്കെന്ന് സൂചന. കത്ത് വ്യാജമായി നിർമിച്ചതാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ ബോധ്യമായത്. കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ കേസെടുത്ത് ചോദ്യംചെയ്യൽ അടക്കം ക്രിമിനൽ കുറ്റാന്വേഷണ നടപടിയിലേക്ക് പോകണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്.
നിലവിൽ ക്രൈംബ്രാഞ്ചിന്റെ പക്കലുള്ളത് മേയർ ആര്യാ രാജേന്ദ്രൻ, ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ, മേയർ ഓഫിസ് സെക്ഷനിലെ രണ്ട് ക്ലർക്കുമാർ എന്നിവരുടെ മൊഴിയാണ്. ആരാണ് തയാറാക്കിയതെന്നറിയണമെങ്കിൽ കത്ത് കണ്ടെത്തണം. അതിനായി പ്രത്യേകം കേസെടുത്ത് വിശദ അന്വേഷണം വേണമെന്ന വിലയിരുത്തലിലാണ് ക്രൈംബ്രാഞ്ച്. കേസെടുത്താൽ അന്വേഷണം ആരിലേക്കൊക്കെ എത്തുമെന്ന കാര്യത്തിൽ സി.പി.എമ്മിന് ആശങ്കയുണ്ട്. എന്നാൽ, സി.പി.എം നേതൃത്വം മേയർക്ക് പൂർണ പിന്തുണ നൽകിയിട്ടുണ്ട്.
കോർപറേഷൻ ഭരണസമിതിക്കെതിരെയുള്ള ആരോപണങ്ങൾ വ്യാജമായതിനാൽ ഇതിനെതിരെ എല്ലാ വാർഡുകളിലും പ്രചാരണ പരിപാടി സംഘടിപ്പിക്കാൻ സി.പി.എം തീരുമാനിച്ചിട്ടുണ്ട്. കത്ത് വിവാദത്തിൽ തൽക്കാലം സി.പി.എമ്മിന്റെ പാർട്ടിതല അന്വേഷണം ഇല്ല. പാർട്ടി അന്വേഷണവും സംഘടനാപരമായ തിരുത്തലും പിന്നീട് മതിയെന്നാണ് ജില്ല സെക്രട്ടേറിയറ്റ് യോഗ തീരുമാനം. മേയറുടെ കത്തിൽ പാർട്ടി അന്വേഷണമോ നടപടിയോ വേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലും ധാരണയിലെത്തിയിരുന്നു. പൊലീസ് അന്വേഷണത്തിൽ തീർപ്പുണ്ടാകുംവരെ നടപടി വേണ്ടെന്നാണ് യോഗത്തിൽ ഉയർന്ന അഭിപ്രായം. വിവാദം പാർട്ടി അന്വേഷിക്കുമെന്ന് മാധ്യമങ്ങൾ മുമ്പാകെ ജില്ല സെക്രട്ടറി ആവർത്തിച്ചിരുന്നു. വിഷയം ജില്ല സെക്രട്ടേറിയറ്റ് ഞായറാഴ്ച ചർച്ചചെയ്തില്ലെന്നാണ് ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ വ്യക്തമാക്കിയത്. അതിനിടെ, പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ കക്ഷികളുടെ തീരുമാനം. തിങ്കളാഴ്ച മുതല്‍ കോർപറേഷന് മുന്നില്‍ സമരം ശക്തമാക്കുമെന്നാണ് യു.ഡി.എഫ് അറിയിച്ചത്. ബി.ജെ.പിയും സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി. ഇതോടെ കഴിഞ്ഞദിവസങ്ങളിൽ അരങ്ങേറിയതുപോലെ ശക്തമായ സമരപരിപാടികൾക്കാവും കോർപറേഷൻ ആസ്ഥാനം സാക്ഷിയാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.