തിരുവനന്തപുരം: ജസ്റ്റിസ് മണികുമാറിനെ മനുഷ്യാവകാശ കമീഷൻ ചെയർമാനായി നിയമിക്കാനുള്ള സർക്കാർ ശിപാർശയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടത് എട്ടുമാസത്തിന് ശേഷം. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ വിയോജനക്കുറിപ്പുൾപ്പെടെ ശക്തമായ എതിർപ്പുയർന്നതിനെതുടർന്ന് തടഞ്ഞുവെച്ച നിയമനം ഗവർണർ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ അംഗീകരിച്ചതിന്റെ പൊരുൾ തിരയുകയാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ.
മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള ധാരണയുടെ ഭാഗമാണ് പൊടുന്നനെയുള്ള നിയമന ഉത്തരവെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. മുഖ്യമന്ത്രിയുമായി നേർക്കുനേർ പോരടിക്കുന്ന ഗവർണർ, എട്ടുമാസം പിടിച്ചുവെച്ച ശിപാർശ പ്രതിപക്ഷത്തിന്റെ എതിർപ്പ് മറികടന്ന് അംഗീകരിച്ചതിന് പിന്നിൽ കേന്ദ്ര ഇടപെടലിന്റെ സാധ്യതയാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.കഴിഞ്ഞവര്‍ഷം ഏപ്രില്‍ 24നാണ് ജസ്റ്റിസ് എസ്. മണികുമാര്‍ കേരള ഹൈകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് വിരമിച്ചത്. അദ്ദേഹത്തെ മനുഷ്യാവകാശ കമീഷൻ ചെയർമാൻ സ്ഥാനത്തേക്ക് നിയമിക്കാൻ ആഗസ്റ്റ് ഏഴിന് സംസ്ഥാന സർക്കാർ ഗവർണർക്ക് ശിപാർശ ചെയ്തു.
പ്രതിപക്ഷനേതാവിന്റെ വിയോജനക്കുറിപ്പോടെയായിരുന്നു ശിപാർശ. കീഴ്വഴക്കം തെറ്റിച്ച് ജസ്റ്റിസ് മണികുമാറിന്റെ ഒരു പേരു മാത്രം നിർദേശിച്ച മുഖ്യമന്ത്രിയുടെ നിലപാടിൽ സ്വജനപക്ഷപാതം ആരോപിച്ചായിരുന്നു പ്രതിപക്ഷനേതാവിന്റെ വിയോജനക്കുറിപ്പ്. പ്രിയ വർഗീസിന്റെ നിയമനം ഉൾപ്പെടെ സർവകലാശാലകളുമായി ബന്ധപ്പെട്ട, മുഖ്യമന്ത്രിയുടെ ഓഫിസിനെയും സർക്കാറിനെയും പ്രതിക്കൂട്ടിലാക്കിയ കേസുകളിൽ ജസ്റ്റിസ് മണികുമാർ ഉൾപ്പെട്ട ബെഞ്ച് അനുകൂല വിധിയാണ് നൽകിയത്.
സര്‍വിസില്‍നിന്ന് വിരമിച്ചതിന് പിന്നാലെ ജസ്റ്റിസ് മണികുമാറിന് കോവളത്തെ ഹോട്ടലില്‍ സംസ്ഥാന സര്‍ക്കാര്‍ വക മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത യാത്രയയപ്പ് നല്‍കിയത് വലിയ വിവാദമായിരുന്നു. വിരമിക്കുന്ന ഹൈകോടതി ചീഫ് ജസ്റ്റിസിന് ഇത്തരത്തില്‍ യാത്രയയപ്പ് ചരിത്രത്തില്‍ ആദ്യമായിരുന്നു. സര്‍ക്കാറിന് അനുകൂലമായ വിധി പുറപ്പെടുവിച്ചതിനുള്ള നന്ദി സൂചകമായാണ് യാത്രയയപ്പെന്ന് പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചെങ്കിലും സർക്കാർ പ്രതികരിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.