തിരുവനന്തപുരം: വൈസ് ചാൻസലർ നിയമനത്തിൽ ചാൻസലറായ ഗവർണർക്ക് പൂട്ടിടാൻ ഓർഡിനൻസ് കൊണ്ടുവരാനുള്ള സർക്കാർ നീക്കത്തിനിടെ കേരള വി.സി നിയമനത്തിനുള്ള സെർച് കം സെലക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് രാജ്ഭവൻ വിജ്ഞാപനമിറക്കി. സർക്കാർ നീക്കത്തിന് തടയിടാൻ ലക്ഷ്യമിട്ടാണ് സെർച് കമ്മിറ്റി രൂപവത്കരിച്ചുള്ള ഗവർണറുടെ അസാധാരണ നടപടിക്രമം.
സെർച് കമ്മിറ്റിയിൽ ചാൻസലറുടെ പ്രതിനിധിയായി കോഴിക്കോട് ഐ.ഐ.എം ഡയറക്ടർ ഡോ. ദേബാശിഷ് ചാറ്റർജിയെയും യു.ജി.സി പ്രതിനിധിയായി കർണാടക സെൻട്രൽ യൂനിവേഴ്സിറ്റി വൈസ് ചാൻസലർ പ്രഫ. ഭട്ടു സത്യനാരായണയെയുമാണ് ഉൾപ്പെടുത്തിയത്. കേരള സർവകലാശാല പ്രതിനിധിയുടെ പേര് സർവകലാശാല നൽകുന്ന മുറക്ക് ഉൾപ്പെടുത്താനായി ഒഴിച്ചിടുകയായിരുന്നു. ഇതിൽ ദേബാശിഷ് ചാറ്റർജി കമ്മിറ്റി കൺവീനറായിരിക്കും. സർവകലാശാല പ്രതിനിധിയായി സെനറ്റ് നിർദേശിച്ച ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ. രാമചന്ദ്രൻ ചുമതല ഒഴിവായി ഗവർണർക്ക് കത്ത് നൽകിയിരുന്നു. കേരള വി.സി നിയമനത്തിന് മുമ്പായി നിയമനത്തിൽ സർക്കാർ നിയന്ത്രണം ഉറപ്പാക്കുന്ന രീതിയിൽ ഓർഡിനൻസ് ഇറക്കാൻ നടപടികൾ തുടങ്ങിയത് ബുധനാഴ്ച 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. മൂന്നംഗ സെർച് കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങൾ നൽകുന്ന സമാന പാനൽ ഔദ്യോഗിക പാനലായി ഗവർണർക്ക് നൽകുന്ന ഭേദഗതിയാണ് ഓർഡിനൻസിലൂടെ ലക്ഷ്യമിട്ടത്. ഇതിനുപുറമെ കമ്മിറ്റിയിലെ ചാൻസലറുടെ പ്രതിനിധിയെ സർക്കാർ ശിപാർശ പ്രകാരം നിയമിക്കണമെന്നും വ്യവസ്ഥ കൊണ്ടുവരാനിരുന്നതായിരുന്നു.
ഇതുപ്രകാരം സർവകലാശാല നിയമങ്ങളിൽ ഭേദഗതി കൊണ്ടുവരാനുള്ള ഓർഡിനൻസ് നിർദേശത്തിന് നിയമവകുപ്പ് അംഗീകാരം നൽകി. വൈകാതെ മന്ത്രിസഭയിൽ കൊണ്ടുവരാനായിരുന്നു സർക്കാർ നീക്കം. ചാൻസലറുടെ അധികാരം നിയന്ത്രിക്കാനുള്ള നീക്കം തിരിച്ചറിഞ്ഞാണ് വി.സി നിയമനത്തിനുള്ള സെർച് കമ്മിറ്റി നിലവിലുള്ള സർവകലാശാല നിയമപ്രകാരം രൂപവത്കരിച്ച് ഗവർണർ അടിയന്തരമായി ഉത്തരവിറക്കിയത്. ഇത് സർക്കാർ നീക്കത്തിനുള്ള അപ്രതീക്ഷിത തിരിച്ചടിയായി.
ഓർഡിനൻസ് പ്രാബല്യത്തിൽ വരുന്നത് വരെ സെർച് കമ്മിറ്റി രൂപവത്കരണം വൈകിപ്പിക്കാനാണ് സർവകലാശാല പ്രതിനിധിയായ ഡോ. വി.കെ. രാമചന്ദ്രന്‍റെ പിന്മാറ്റമെന്നും സൂചനയുണ്ട്.
സർവകലാശാല നിയമങ്ങൾ പരിഷ്കരിക്കാൻ നിയോഗിച്ച ഡോ.എൻ.കെ. ജയകുമാർ അധ്യക്ഷനായ കമീഷൻ റിപ്പോർട്ടിലാണ് വി.സി നിയമനത്തിൽ സർക്കാർ നിയന്ത്രണം കൊണ്ടുവരാൻ ലക്ഷ്യമിടുന്ന ഭേദഗതികൾ ശിപാർശ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.