കൊച്ചി: മോൻസൺ മാവുങ്കലിന്റെ പുരാവസ്തു സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ വെള്ളിയാഴ്ച ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ല. ഒഴിവാക്കാനാകാത്ത തിരക്കുള്ളതിനാൽ വെള്ളിയാഴ്ച എത്താനാകില്ലെന്ന് പറഞ്ഞ് ഇ.ഡിക്ക് കത്ത് നൽകി. പകരം ചൊവ്വാഴ്ച ഹാജരാകാമെന്നാണ് അറിയിച്ചത്.
അതേസമയം, മുൻ ഡി.ഐ.ജി എസ്. സുരേന്ദ്രൻ ഇ.ഡിക്ക് മുന്നിൽ ഹാജരായി. രണ്ടാം തവണയാണ് എസ്. സുരേന്ദ്രൻ ഹാജരാകുന്നത്. മോന്സൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചന കേസില്‍ ചോദ്യം ചെയ്ത ശേഷം കെ. സുധാകരനെയും എസ്. സുരേന്ദ്രനെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചിരുന്നു. രണ്ട് തവണ വിളിപ്പിച്ചെങ്കിലും ഐ.ജി ലക്ഷ്മണ ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായിട്ടില്ല.
ക്രൈംബ്രാഞ്ച് പ്രതിയാക്കിയതിന് പിന്നാലെ വിവരശേഖരണം നടത്തി ഇ.ഡി മൂവരെയും ചോദ്യം ചെയ്യലിന് വിളിപ്പിക്കുകയായിരുന്നു. മോന്സണ് മാവുങ്കലിന്റെ പക്കല്‍നിന്ന് കെ. സുധാകരന് 10 ലക്ഷം രൂപ വാങ്ങുന്നത് കണ്ടുവെന്ന ദൃക്സാക്ഷികളുടെ രഹസ്യമൊഴിയുണ്ടായിരുന്നു. തൃശൂര്‍ സ്വദേശി അനൂപ്, മോന്സണ് 25 ലക്ഷം രൂപ നല്‍കിയതിന് സുധാകരന് ഇടനിലക്കാരനായെന്ന പരാതിക്കാരന്റെ മൊഴിയും ഇ.ഡി. പരിശോധിച്ചിട്ടുണ്ട്. കെ.സുധാകരൻ നൽകിയ ഉറപ്പിലാണ് പരാതിക്കാർ പണം നൽകിയതെന്നും പരാതിയിലുണ്ടായിരുന്നു. 2021ലാണ് പുരാവസ്തു തട്ടിപ്പ് കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇ.ഡി കേസ് രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.