തൊടുപുഴ: ഇടുക്കിയിൽ ഭീതി പരത്തുന്ന അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടുന്ന ദൗത്യവുമായി ബന്ധപ്പെട്ട് ഹൈകോടതി നിയോഗിച്ച വിദഗ്ധ സമിതി ഓൺലൈനായി യോഗം ചേർന്നു. അരിക്കൊമ്പനെ എവിടേക്ക് മാറ്റണമെന്ന കാര്യത്തിൽ യോഗം അന്തിമ തീരുമാനമെടുത്തതായാണ് സൂചന. അരിക്കൊമ്പനെ മാറ്റേണ്ട സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്ന് നിർദേശമുണ്ട്.
ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് വിദഗ്ധ സമിതി ചൊവ്വാഴ്ച സർക്കാറിന് കൈമാറും. ഇടുക്കി, തിരുവനന്തപുരം ജില്ലകളിലെ ഓരോ വന്യജീവി സങ്കേതങ്ങളായിരുന്നു വിദഗ്ധ സമിതിയുടെ പ്രഥമ പരിഗണനയിലുണ്ടായിരുന്നത്. ഇതിൽ ഒരു വന്യജീവി സങ്കേതത്തിന്റെ പേര് വിദഗ്ധ സമിതി ശിപാർശ ചെയ്തിട്ടുണ്ട്. എതിർപ്പുകളുണ്ടായില്ലെങ്കിൽ തൊട്ടടുത്ത ദിവസംതന്നെ അരിക്കൊമ്പൻ ദൗത്യം തുടങ്ങും.
അതേസമയം, മൂന്നിന് ഹൈകോടതി കേസ് വീണ്ടും പരിഗണിച്ചതിന് ശേഷം തുടർ നടപടി കെക്കൊണ്ടാൽ മതിയെന്ന നിലപാടും വനം വകുപ്പിനുണ്ട്. ഇതിനിടെ അരിക്കൊമ്പനെ പെരിയാർ കടുവ സങ്കേതത്തിന്റെ ഭാഗമായ തേക്കടിയിലേക്ക് മാറ്റിയേക്കുമെന്ന് പ്രചാരണം നടക്കുന്നുണ്ട്. പീരുമേട് എം.എൽ.എ വാഴൂർ സോമൻ ഇതിനോടകംതന്നെ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്. ഇപ്പോൾതന്നെ പെരിയാർ കടുവ സങ്കേതത്തോട് ചേർന്നുള്ള കുമളി, വണ്ടിപ്പെരിയാർ, പീരുമേട് തുടങ്ങിയ പ്രദേശങ്ങളിൽ വന്യമൃഗശല്യം കാരണം ജനങ്ങൾ പൊറുതിമുട്ടിയെന്നും ഈ സാഹചര്യത്തിൽ അരിക്കൊമ്പനെ കൂടി തേക്കടിയിലേക്ക് മാറ്റിയാൽ വലിയ വിപത്തുണ്ടാകുമെന്നും വാഴൂർ സോമൻ പ്രതികരിച്ചു.
ആനയെ മാറ്റുന്നതുമായി ബന്ധപ്പെട്ട അറിയിപ്പൊന്നും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നാണ് പെരിയാർ വന്യജീവി സങ്കേതത്തിലെ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്. അരിക്കൊമ്പനെ പിടികൂടാനെത്തിച്ച കുങ്കിയാനകൾ ഒരു മാസത്തിലധികമായി ചിന്നക്കനാലിൽ തുടരുകയാണ്. ഇവയുടെ താവളം സിമന്റുപാലത്തുനിന്ന് 301 കോളനയിലേക്ക് മാറ്റിയതിന് പിന്നാലെ ഇവിടേക്കുള്ള പ്രവേശനവും വനംവകുപ്പ് വിലക്കി.
തിങ്കളാഴ്ച നടന്ന ഓൺലൈൻ യോഗത്തിൽ സമിതി കൺവീനറായ അമിക്കസ്ക്യൂറി അഡ്വ. രമേശ് ബാബു, ഹൈറേഞ്ച് സർക്കിൾ സി.സി.എഫ് ആർ.എസ്. അരുൺ, പെരിയാർ കടുവ സങ്കേതം ഫീൽഡ് ഡയറക്ടർ എച്ച്. പ്രമോദ്, വൈൽഡ് ട്രസ്റ്റ് ഒഫ് ഇന്ത്യ വൈസ് പ്രസിഡന്റ് എൻ.വി.കെ. അഷറഫ്, ചെന്നൈ കെയർ എർത്ത് ട്രസ്റ്റ് ചെയർമാൻ ഡോ. പി.എസ്. ഈസ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.