ചിലർ എന്നെ അൽഖാഇദയേക്കാൾ വലിയ ഭീകരനാക്കി, എല്ലാവർക്കും അത് താങ്ങാൻ കഴിയില്ല -മനാഫ്

കോഴിക്കോട്: ചില മാധ്യമങ്ങൾ തന്നെ തന്നെ വേട്ടയാടിയതായി ഗംഗാവലി പുഴയിൽനിന്ന് ലോറി ഡ്രൈവർ അർജുനെ കരക്കെടുക്കാൻ 72 ദിവസമായി ഓടി നടന്ന് മലയാളികളുടെ ഇടനെഞ്ചിൽ ഇടംപിടിച്ച ലോറി ഉടമ മനാഫ്. ആദ്യം സഹായം തേടി സമീപിച്ച ചില ഓൺലൈൻ മാധ്യമങ്ങൾ തന്നെ അൽഖാഇദ ഭീകരനേക്കാൾ വലിയ ഭീകരനാക്കി ചിത്രീകരിച്ചതായും അദ്ദേഹം വേദനയോടെ ഒരു ചാനൽ ചർച്ചയിൽ പറഞ്ഞു.

‘എ​ന്റെ വണ്ടി കിട്ടാൻ വേണ്ടിയാണ് ഞാൻ പിന്നാലെ നടക്കുന്നത് എന്നായിരുന്നു ചിലരുടെ ആരോപണം. എന്നാൽ, വണ്ടി കിട്ടാനോ ഇൻഷുറൻസ് കിട്ടാനോ എനിക്ക് ഇതിന്റെ ആവശ്യമില്ല. എഫ്.ഐ.ആർ ക്ലോസ് ചെയ്താൽ ഇൻഷുറൻസ് ശരിയാക്കി നൽകാമെന്ന് എന്നോട് കലക്ടർ അടക്കമുള്ളവർ പറഞ്ഞതാണ്. അർജുന്റെ ഡെത്ത് സർട്ടിഫിക്കറ്റ് കൂടി നൽകുമോ എന്ന് ഞാൻ ചോദിച്ചു. കാരണം, അർജുന്റെ കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കണമെങ്കിൽ അത് ആവശ്യമാണ്. ഞാൻ എഫ്.ഐ.ആർ ക്ലോസ് ചെയ്താൽ പിന്നെ തിരച്ചിൽ നിൽക്കും. അങ്ങനെ സംഭവിച്ചാൽ അർജുനെ കുറിച്ച് ഒരുവിവരവും കിട്ടില്ല. മിസ്സിങ് കേസ് മാത്രമായി മാറും. ഡെത്ത് സർട്ടിഫിക്കറ്റ് കിട്ടണമെങ്കിൽ ഏഴ് വർഷം കഴിയും. കുടുംബത്തിന് സഹായം കിട്ടുന്നതും അതിനേക്കാൾ വൈകും. അതുകൊണ്ടാണ് ഞാൻ അങ്ങനെ ചോദിച്ചത്. അർജുനെ തിരിച്ചെത്തിക്കുമെന്ന് ഞാൻ കുടുംബത്തിന് കൊടുത്ത വാക്കാണ്. അതിനാൽ തിരച്ചിൽ തുടരേണ്ടത് അനിവാര്യമായിരുന്നു’ -മനാഫ് പറഞ്ഞു.

അതിനിടെ തന്നെ കൊടുംഭീകരനായി ഓൺലൈൻ മാധ്യമങ്ങളിൽ ചിലത് ചിത്രീകരിച്ചതായും അദ്ദേഹം പറഞ്ഞു. ‘എന്നെ കള്ളക്കടത്തുകാരനാക്കി, കുഴൽപണക്കാരനാക്കി, അൽഖാഇദ ഭീകരനേക്കാൾ വലിയ ഭീകരനാക്കി ചിലർ വാർത്തകൾ കൊടുത്തു. അർജുനെ ഒളിപ്പിച്ചു, ലോറിയും മരവും ഒളിപ്പിച്ചു എന്നിങ്ങനെയും ആരോപണം വന്നു. അതിൽ ​ഏറ്റവും സങ്കടകരം, തിരച്ചിലിന്റെ ആദ്യ നാളുകളിൽ അതിന്റെ ദൃശ്യങ്ങളടക്കം കിട്ടാൻ അവർ എന്നെയായിരുന്നു വിളിച്ചത്. അവർക്ക് അവിടെ വന്ന് ദൃശ്യങ്ങൾ എടുക്കാൻ സാമ്പത്തിക ശേഷിയില്ല, ദൃശ്യങ്ങളും വിവരങ്ങളും തന്ന് സഹായിക്കണം എന്ന് പറഞ്ഞാണ് എന്നെ വിളിച്ചത്. എ​ന്നെ ആശ്വസിപ്പിക്കാനെന്ന വണ്ണം ഫോൺ വിളിച്ച് അതെല്ലാം വളച്ചൊടിച്ച് ഓൺലൈനിൽ വാർത്തയായി നൽകി. അതേക്കുറിച്ച് പലരും ശ്രദ്ധയിൽപെടുത്തിയപ്പോഴാണ് ഞാനറിയുന്നത്. അതൊന്നും നോക്കാൻ എനിക്ക് നേരമുണ്ടായിരുന്നില്ല, തിരച്ചിൽ നിലക്കാതിരിക്കാൻ ഓടി നടക്കുകയായിരുന്നു. പിന്നീടവർ എന്നെ ഇന്ത്യയിൽ അൽഖാഇദയേക്കാൾ വലിയ ഭീകരനാക്കി. എ​െന്റ വീട്ടുകാർ എങ്ങനെ ഇതിനെ കാണുമെന്നൊന്നും അവർ ചിന്തിച്ചില്ല. അഥവാ ഡ്രഡ്ജർ മടങ്ങുംമുമ്പ് അർജുനെ കിട്ടിയിരുന്നില്ലെങ്കിൽ എന്താകുമായിരുന്നു അവസ്ഥ?. എനിക്കിത് താങ്ങാൻ കഴിയും. ചില ആളുകൾക്ക് അത് താങ്ങാൻ കഴിയില്ല. ഞാൻ തീയിൽ കുരുത്തതിനാൽ ഇത്തരം വെയിലിലൊന്നും വാടില്ല. എന്നാൽ, എനിക്ക് പകരം മറ്റൊരാളെ കുറിച്ചാണ് ഇത്തരം വ്യാജ വാർത്തകൾ കൊടുത്തിരുന്നതെങ്കിൽ അർജുൻ പോയതിന് പിന്നാലെ അയാളും അയാളുടെ കുടുംബവും ഈ ലോകത്ത് നിന്ന് പോയേനേ...’ -മനാഫ് പറഞ്ഞു.

മനാഫിനെതിരെ കടുത്ത വിദ്വേഷ പ്രചരണവുമായി സംഘ്പരിവാർ ആശയങ്ങൾ പ്രചരിപ്പിക്കുന്ന ചാനലുകളാണ് രംഗത്തുവന്നത്. ബൈജു വി.കെ എന്നയാളുടെ ചാണക്യ ന്യൂസ് ടി.വി എന്ന യൂട്യൂബ് ചാനൽ ഉദാഹരണം. മനാഫിനെ സംശയമുനയിൽ നിർത്തി എട്ട് വിഡിയോകളാണ് ഇയാൾ പലതവണയായി ചെയ്തത്. മനാഫ് കള്ളക്കടത്തുകാരനാണെന്നും അർജുനെയും ലോറിയെയും ഒളിപ്പിച്ചതാണെന്നും വരെ ഈ ചാനലിൽ വ്യാജാരോപണമുന്നയിച്ചു. മനാഫ് അന്വേഷണം വഴിതെറ്റിച്ചു, തുടർച്ചയായി ​തെരച്ചിൽ നടത്തിച്ച് സർക്കാറിന്റെ കോടികൾ പാഴാക്കി തുടങ്ങിയ ആരോപണങ്ങളും തൊടുത്തുവിട്ടു. ഒടുവിൽ, മനാഫ് നേരത്തെ ചൂണ്ടിക്കാട്ടിയതിന് സമീപത്തുനിന്ന് മൃതദേഹം കിട്ടിയപ്പോൾ ‘മനാഫ് അഗ്നിശുദ്ധി തെളിയിച്ചു’ എന്ന പേരിൽ ഇറക്കിയ വിഡിയോയിലും കടുത്ത വർഗീയ ആരോപണങ്ങളാണ് ഈ യൂട്യൂബ് ചാനലിലൂടെ പ്രചരിപ്പിക്കുന്നത്. അതിനുപിന്നാലെ പഴയ വിഡിയോകൾ ഡിലീറ്റ് ചെയ്യുകയും ചെയ്തു.

കേരളത്തിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും അപകടത്തിൽ മരിച്ചാൽ ആശ്രിതർക്ക് സർക്കാർ ജോലി നൽകില്ലെന്നും അത് മുസ്‍ലിംകൾക്ക് മാത്രമേ നൽകൂ എന്നും ഇന്നത്തെ വിഡിയോയിൽ ബൈജു പച്ച നുണ പറയുന്നുണ്ട്. ഇതിന്റെ പേരിൽ തന്നെ ജയിലിലടച്ചാലും കുഴപ്പമില്ലെന്നാണ് ഇയാൾ പറയുന്നത്. ഇതടക്കം കടുത്ത വിദ്വേഷപ്രസ്താവനകളാണ് ചാനലിൽ ഉടനീളമുള്ളത്. വർഗീയ വിദ്വേഷത്തിന് ഇയാളെ കഴിഞ്ഞ വർഷം അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ജാമ്യത്തിലിറങ്ങി പഴയ പണി വർധിത വീര്യത്തോടെ വീണ്ടും തുടരുകയാണ് ചെയ്യുന്നത്.

Tags:    
News Summary - arjun shirur ankola landslide: manaf against media propaganda and fake news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.