തിരുവനന്തപുരം: സിറ്റി പൊലീസ് കമീഷണറായിരുന്ന അരുൺ കുമാർ സിൻഹക്ക് കേരള പൊലീസിലെ ‘ഭരത്ചന്ദ്രൻ ഐ.പി.എസ്’ എന്നൊരു വിശേഷണം ഉണ്ടായിരുന്നു. സിൻഹ സിറ്റി പൊലീസ് കമീഷണറായിരിക്കെയാണ് നഗരത്തിൽ ക്രൈം സ്റ്റോപ്പർ സംവിധാനം കൊണ്ടുവന്നത്. തന്റെ കീഴിലെ വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള മികച്ച ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയുള്ള പ്രത്യേക അന്വേഷണസംഘത്തെ ഉപയോഗിച്ച് നഗരത്തിലെ ഗുണ്ടാസംഘങ്ങളെ അമർച്ച ചെയ്തതുമെല്ലാം അദ്ദേഹത്തെ ഭരത്ചന്ദ്രനാക്കി.
സിൻഹയുടെ മാതൃക പിൻപറ്റിയാണ് പിന്നീട് ജില്ല പൊലീസ് മേധാവിമാരുടെ കീഴിൽ സംസ്ഥാനത്താകമാനം ഷാഡോ പൊലീസ് രൂപവത്കരിച്ച് തുടങ്ങിയത്. എസ്.പി.ജി (സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്) തലവനായ ആദ്യ കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനും അരുൺകുമാർ സിൻഹയാണ്. ഏഴ് വർഷത്തോളം പ്രധാനമന്ത്രിയുടെ സുരക്ഷ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന, കേരളവുമായി അടുത്തബന്ധം പുലർത്തിയിരുന്ന അദ്ദേഹം 1987 ബാച്ച് കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്.
തിരുവനന്തപുരം, കൊച്ചി കമീഷണറായിരുന്നു അദ്ദേഹം. വയനാട്, മലപ്പുറം എസ്.പിയായിരുന്നപ്പോൾ മാവോവാദി പ്രവർത്തനരീതികൾ കൂടുതൽ മനസ്സിലാക്കി. ബിഹാർ സ്വദേശിയാണെങ്കിലും മലയാളത്തിൽ ആശയവിനിമയം നടത്താനും സാധാരണക്കാരോട് പോലും ബന്ധം സ്ഥാപിക്കാനുമുള്ള മിടുക്ക് പിന്നീട് ഇന്റലിജൻസ് ഐ.ജി സ്ഥാനത്ത് ഉൾപ്പെടെയുള്ള പ്രവർത്തനത്തിന് സഹായകമായി. സാധാരണക്കാരുമായി ഇടപഴകാനുള്ള അദ്ദേഹത്തിന്റെ ശൈലീമികവ് ഗുജറാത്തിൽ ബി.എസ്.എഫിന്റെ ‘ക്രീക്ക് ക്രോക്കഡൈൽ കമാൻഡോസ്’ പ്രവർത്തനത്തിനും സഹായകമായി.
പാകിസ്താൻ അതിർത്തി പങ്കിടുന്ന ഗുജറാത്ത്, രാജസ്ഥാൻ സംസ്ഥാനങ്ങളുടെ ഐ.ജിയായി അഞ്ച് വർഷക്കാലം ബി.എസ്.എഫിൽ ജോലിനോക്കുമ്പോൾ ഇതിന്റെ ഫലം ലഭിച്ചു. അതിർത്തി നിർണയിക്കാത്ത ചതുപ്പുനിലത്ത് പാകിസ്താൻ കൈയടക്കിയിരുന്ന 500 ചതുരശ്ര കിലോമീറ്റർ ദൂരം തിരിച്ചുപിടിച്ചത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. ഇക്കാലത്ത് കച്ചിലെ ഗ്രാമീണർക്ക് കുടിവെള്ളമൊരുക്കിയും മറ്റും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം കൈയടി നേടി. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴാണിത്. അരുൺകുമാർ സിൻഹയെ സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ തലവനായി നിയമിക്കുന്നതിന് ഇത് പിന്നീട് പ്രധാനമന്ത്രിയായ മോദിയെ പ്രേരിപ്പിച്ചു.
തിരുവനന്തപുരം ഡി.സി.പി, കമീഷണർ, റേഞ്ച് ഐ.ജി, ഇന്റലിജൻസ് ഐ.ജി, അഡ്മിനിസ്ട്രേഷൻ ഐ.ജി എന്നിങ്ങനെ കേരള പൊലീസിലെ പ്രധാന ചുമതലകളെല്ലാം അദ്ദേഹം വഹിച്ചു. അദ്ദേഹം ക്രമസമാധന ചുമതല വഹിച്ചിരുന്ന കാലത്താണ് മാലദ്വീപ് പ്രസിഡന്റായിരുന്ന അബ്ദുൽ ഗയൂമിനെ വധിക്കാൻ ശ്രമിച്ച മുഖ്യ സൂത്രധാരനെ തലസ്ഥാനത്തുനിന്ന് പിടികൂടിയത്. പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കുമെതിരെ നടന്ന ഇ-മെയിൽ വധഭീഷണി, ലെറ്റർ ബോംബ് കേസ് എന്നിങ്ങനെ സുപ്രധാന കേസുകൾ തെളിയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.