തിരുവനന്തപുരം: ക്ലിഫ് ഹൗസില്‍ മരപ്പട്ടി ശല്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വെളിപ്പെടുത്തലിനു പിന്നാലെ, മരപ്പട്ടി ശല്യം താനും നേരിടുന്നെന്ന് സമ്മതിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ക്ലിഫ് ഹൗസിലെ ശോച്യാവസ്ഥയും തന്റെ നിസ്സഹായാവസ്ഥയും മുഖ്യമന്ത്രി പൊതുവേദിയില്‍ തുറന്നുപറഞ്ഞത് കഴിഞ്ഞ ദിവസമായിരുന്നു.
ക്ലിഫ് ഹൗസ് ഉള്‍പ്പെടെ ഔദ്യോഗിക വസതികള്‍ പലതും പരിതാപകരമായ അവസ്ഥയിലാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞത്. ഷര്‍ട്ടും മുണ്ടും ഇസ്തിരിയിട്ടുവെച്ചാല് അതില്‍ മരപ്പട്ടി മൂത്രമൊഴിക്കുന്ന അവസ്ഥയാണെന്നും കിടപ്പുമുറിയില്‍ ഒരു ഗ്ലാസ് വെള്ളം തുറന്നുവെക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നുമാണ് പൊതുപരിപാടിയില്‍ അദ്ദേഹം പറഞ്ഞത്.
തന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലും മരപ്പട്ടി ശല്യമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വെള്ളിയാഴ്ച വാർത്തസമ്മേളനത്തിൽ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. മരപ്പട്ടി ഇവിടെയും ഉണ്ട്. പുലർച്ച നാലുമണിയോടെ ഞാനും മരപ്പട്ടി ശല്യം കാരണം ഉണർന്നു. ഒന്നിലധികം മരപ്പട്ടിയുണ്ട് -പ്രതിപക്ഷ നേതാവ് വിശദീകരിച്ചു.
അതേസമയം മന്ത്രി മന്ദിരങ്ങൾ അറ്റകുറ്റപ്പണി നടത്തി നവീകരിക്കാനുള്ള ശ്രമം സർക്കാർ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 26നാണ് മന്ത്രിമാരുടെ ബംഗ്ലാവുകളില്‍ അറ്റകുറ്റപ്പണിക്കായി 48.91 ലക്ഷം രൂപയുടെ ഭരണാനുമതി നല്കി പൊതുമരാമത്ത് വകുപ്പ് ഉത്തരവിറക്കിയിരുന്നു. ചീഫ് എന്‍ജിനീയര്‍ (ബില്‍ഡിങ്സ്) നല്കിയ പ്രപ്പോസല്‍ പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.