തൃശൂർ: മൂന്ന് തവണ പൂർത്തിയാക്കിയ വി.എസ്. സുനിൽ കുമാറിനെ മത്സര രംഗത്തുനിന്നും മാറ്റാനുള്ള സി.പി.ഐയുടെ തീരുമാനത്തെ ചൊല്ലി തൃശൂരിൽ ഇടതുമുന്നണിയിൽ ആശയക്കുഴപ്പം. യു.ഡി.എഫിെൻറ കോട്ടയായ തൃശൂരിനെ 2016ൽ ഇടതുപക്ഷത്തേക്ക് അടുപ്പിച്ചത് സുനിൽകുമാറാണ്. മറ്റ് മണ്ഡലങ്ങളിൽനിന്നും വ്യത്യസ്തമായി രാഷ്ട്രീയവും സാമുദായികതയും വ്യക്തിബന്ധവും ഏറെ പരിഗണിക്കുന്ന മണ്ഡലമാണ് തൃശൂർ. ഏത് ഘടകമെടുത്താലും സുനിൽ കുമാറാണ് മണ്ഡലത്തിന് അനുയോജ്യനെന്നും അദ്ദേഹം മത്സരിക്കുന്നില്ലെങ്കിൽ സീറ്റ് നഷ്ടപ്പെടാനാണ് സാധ്യതയെന്നുമാണ് സി.പി.എമ്മിെൻറ വിലയിരുത്തൽ.
2011ൽ സി.പി.ഐയിലെ പി. ബാലചന്ദ്രനെ 16,000 വോട്ടിനാണ് കോൺഗ്രസിലെ തേറമ്പിൽ രാമകൃഷ്ണൻ പരാജയപ്പെടുത്തിയത്. അവിടെനിന്നാണ് ആറായിരം വോട്ടിെൻറ ഭൂരിപക്ഷം നേടി കെ. കരുണാകരെൻറ മകൾ പത്മജ വേണുഗോപാലിനെ സുനിൽകുമാർ തോൽപ്പിച്ചത്. എം.എൽ.എ എന്ന നിലയിലും മന്ത്രിയെന്ന നിലയിലും വ്യക്തിപരമായും തൃശൂരിൽ സുനിൽകുമാർ ഉണ്ടാക്കിയ സജീവതയാണ് ഇപ്പോഴും ചർച്ച. സുനിൽകുമാർ വീണ്ടും മത്സരിച്ചാൽ തൃശൂരിൽ പാർട്ടിക്ക് തിരിച്ച് വരാനുള്ള സാധ്യത വിരളമാണെന്ന് കോൺഗ്രസ് പോലും വിലയിരുത്തുന്നുണ്ട്.
പൂരവും പ്രളയവും കോവിഡും ഉൾപ്പെടെയുള്ള കാര്യങ്ങളിലെ ഇടപെടലും വികസന പദ്ധതികളും കക്ഷി രാഷ്ട്രീയത്തിന് അതീതമായ ബന്ധങ്ങളുമാണ് അദ്ദേഹത്തിന് വേണ്ടി വാദിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. എൽ.ഡി.എഫ് തുടർ ഭരണത്തെക്കുറിച്ച് ചർച്ച ചെയ്യുന്ന സാഹചര്യത്തിൽ സുനിൽകുമാറിനെ പോലൊരാളെ മാറ്റുന്നത് ഗുണമാവില്ലെന്നാണ് സി.പി.എമ്മിലെയും ഇടതുമുന്നണിയിലെയും നേതാക്കൾ വിലയിരുത്തുന്നത്. സി.പി.എം ഇക്കാര്യം സി.പി.ഐ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.
അതേസമയം, എതിരാളി സുനിൽകുമാർ തന്നെയാവുമെന്ന പ്രതീക്ഷയിലുള്ള പോരാട്ടത്തിനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. ജില്ലയിലും മണ്ഡലത്തിലും പത്മജ കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷവും സജീവമാണ്. ലോക്സഭ തെരഞ്ഞെടുപ്പിലെയും തദ്ദേശ െതരഞ്ഞെടുപ്പിലെയും വോട്ട് കണക്കും പുല്ലഴിയിലെ പ്രത്യേക തെരഞ്ഞെടുപ്പ് ഫലവും വർത്തമാനകാല രാഷ്ട്രീയ സാഹചര്യവും തൃശൂർ ഇത്തവണ യു.ഡി.എഫിനൊപ്പമാവാൻ സഹായിക്കുമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു. അതിനനുസരിച്ച പ്രവർത്തനങ്ങളിലേക്കും കടന്നിട്ടുണ്ട്.
എന്നാൽ സുനിൽകുമാറിന് ഇളവ് അനുവദിച്ചാൽ മറ്റ് പലർക്കും അത് വേണ്ടിവരുമെന്നാണ് സി.പി.ഐ പറയുന്നത്. സുനിൽകുമാറിന് പകരക്കാരെ തിരയുകയാണ് സി.പി.ഐ. കോർപറേഷൻ പൂത്തോൾ ഡിവിഷനിൽനിന്നും ജയിച്ച സാറാമ്മ റോബ്സൺ ആണ് പ്രഥമ പരിഗണനയിലുള്ളത്. നേരത്തെ മത്സരിച്ച പി. ബാലചന്ദ്രൻ, മുൻ മന്ത്രി കെ.പി. രാജേന്ദ്രൻ, കെ. രാജൻ എന്നിവരും പട്ടികയിലുണ്ട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി എന്ത് നിലപാട് സ്വീകരിക്കുമെന്ന് കാത്തിരിക്കുകയാണ് ഇടത് നേതൃത്വം. മുഖ്യമന്ത്രിയുടെ വിശ്വസ്തരിൽ പ്രധാനിയാണ് സുനിൽകുമാർ. അതുകൊണ്ടുതന്നെ പിണറായി കാനത്തിന് മുന്നിലേക്ക് നിർദേശം വെച്ചാൽ സുനിൽ കുമാർ തന്നെ വീണ്ടും മത്സരിക്കാനുള്ള സാധ്യതയും നേതൃത്വം തള്ളിക്കളയുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.