തിരുവനന്തപുരം: മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തലയുടെ നിയമസഭാ പ്രസംഗങ്ങൾ പുസ്തക രൂപത്തിലാക്കിയതിന്‍റെ പ്രകാശനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിച്ചു. ചെന്നിത്തല പ്രതിപക്ഷ നേതാവായിരുന്ന 2016-21 കാലത്തെ പ്രസംഗങ്ങളാണ് പ്രസിദ്ധീകരിച്ചത്.
രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായിരുന്ന കാലം സംഭവബഹുലമായിരുന്നെന്ന് ഗവർണർ പറഞ്ഞു. മികച്ച പ്രതിപക്ഷ നേതാവിന്‍റെ റോളാണ് അദ്ദേഹം നിർവഹിച്ചത്. മികച്ച ഭരണത്തിന് സക്രിയമായ പ്രതിപക്ഷം അനിവാര്യമാണ്. മാധ്യമങ്ങൾ പോലും കണ്ടെത്താതിരുന്ന കാര്യങ്ങൾ അദ്ദേഹം പുറത്തുകൊണ്ടുവന്നു. വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകുമ്പോഴും അതിൽ സമന്വയം കണ്ടെത്തി മുന്നോട്ടുപോകാനാകണമെന്നും ഗവർണർ പറഞ്ഞു.
പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള തന്‍റെ പ്രവർത്തനത്തിന്‍റെ നേർചിത്രമാണ് പുസ്തകമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അനിഷേധ്യ വസ്തുതകളുടെ പിൻബലമുള്ളതാണ് രമേശ് ചെന്നിത്തലയുടെ നിയമസഭാ പ്രസംഗങ്ങളെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കെ.പി.സി.സി മുൻ പ്രസിഡന്‍റ് വി.എം. സുധീരൻ പറഞ്ഞു. ചിലരുടെ നിയമസഭാ പ്രസംഗങ്ങൾ വ്യക്ത്യധിക്ഷേപവും മുറിവേൽപിക്കുന്നതുമായി മാറുന്നെന്നും അദ്ദേഹം പറഞ്ഞു.
പ്രതിജ്ഞാബദ്ധനായ പ്രതിപക്ഷ നേതാവായിരുന്നു ചെന്നിത്തലയെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ പറഞ്ഞു. ഒന്നാം പിണറായി സർക്കാറിനെക്കുറിച്ചുള്ള പഠനത്തിനുള്ള മികച്ച രേഖയാണ് ചെന്നിത്തലയുടെ പുസ്തകമെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ പറഞ്ഞു. പുസ്തകം പ്രസിദ്ധീകരിച്ച ശ്രേഷ്ഠ സാഹിതിയുടെ മാനേജിങ് ഡയറക്ടർ ഡോ. രോഹിത് ചെന്നിത്തലയും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.