തൃശൂർ: സിവിൽ സപ്ലൈസ് കോർപറേഷൻ വിൽപനശാലകളിൽ അസി. സെയിൽസ്മാൻ (എ.എസ്.എം) തസ്തിക നിയമനത്തിൽ ഹൈകോടതി വിധിയുണ്ടായിട്ടും കനിയാതെ സപ്ലൈകോ. 5,843 പേരുടെ പി.എസ്.സി റാങ്ക് പട്ടികയിൽനിന്ന് കുറഞ്ഞ നിയമനം നടന്ന സാഹചര്യത്തിൽ ഉദ്യോഗാർഥികൾ നൽകിയ ഹരജിയിൽ ഹൈകോടതി സെപ്റ്റംബർ 23ന് അനുകൂല വിധി പ്രഖ്യാപിച്ചിരുന്നു. 2018ൽ പ്രബല്യത്തിൽ വന്ന പട്ടിക 2021 ആഗസ്റ്റിൽ കാലാവധി കഴിഞ്ഞിരുന്നു. ലിസ്റ്റ് നിലവിലുണ്ടായിരുന്ന സമയത്ത് കേരളത്തിൽ നിപ, പ്രളയം, കോവിഡ് എന്നിവ കാരണത്താൽ കുറഞ്ഞ നിയമനമാണ് നടന്നത്. 2100 ഒഴിവുകളിൽ 1776 പേർക്കാണ് ഈ കാലയളവിൽ ജോലി നൽകാനായത്. ഉദ്യോഗാർഥികൾ അവർക്ക് അവകാശപ്പെട്ട ബാക്കി 600 ഒഴിവ് ലഭിക്കുന്നതിനായി നീതിപീഠത്തെ സമീപിക്കുകയായിരുന്നു. തുടർന്ന് 206 ഒഴിവുകൾ നികത്തണമെന്ന കോടതിവിധി ഇതുവരെയും നടപ്പാക്കാൻ സപ്ലൈകോ തയാറായിട്ടില്ല. പട്ടിക നിലവിലുള്ള കാലയളവിൽ നിയമനം നന്നേ കുറഞ്ഞ ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിലുള്ള ഒഴിവുകൾ നികത്താൻ ആവശ്യപ്പെട്ടുവെങ്കിലും അതും പാലിക്കപ്പെട്ടില്ല. സപ്ലൈകോ തസ്തിക വിട്ടുനൽകിയാൽ ജോലി നൽകാമെന്ന നിലപാടാണ് പി.എസ്.സി സ്വീകരിച്ചത്.
2020 ഏപ്രിലിൽ ലോക്ഡൗണിന് പിന്നാലെ തുടർച്ചയായ മാസങ്ങളിൽ സൗജന്യക്കിറ്റ് വിതരണത്തിന് അടക്കം ജീവനക്കാരില്ലാതെ സപ്ലൈകോ നട്ടം തിരിഞ്ഞപ്പോഴും നിയമനം ഇഴയുകയായിരുന്നു. കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് 2000 നിയമനങ്ങൾ നടത്തുമെന്ന മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ, റാങ്ക് പട്ടികയിൽനിന്ന് വല്ലാതെ നിയമനം നടത്തിയതുമില്ല. പട്ടിക കാലാവധി അവസാനിക്കുന്നതിന് മുമ്പ് സമരം നടത്തിയെങ്കിലും ഫലമുണ്ടായില്ല. അതേസമയം, വിൽപനശാലകളിൽ ദിവസവേതന വ്യവസ്ഥയിൽ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്താനുള്ള നീക്കവുമുണ്ടായി. ദിവസ വേതനത്തിൽ ആറുവർഷത്തിൽ അധികം കാലയളവിൽ ജോലി ചെയ്യുന്നവരെ സ്ഥിരമാക്കുന്നതിനാണ് ശ്രമം.
ഇതനുസരിച്ച് സംസ്ഥാനത്തെ മൊത്തം വിൽപനശാലകളിൽനിന്ന് ജീവനക്കാരുടെ പട്ടികയും നൽകി. മൂന്നുറോളം പേരെ സ്ഥിരപ്പെടുത്തുന്നതിനുള്ള നീക്കമാണ് അണിയറയിൽ നടക്കുന്നത്. തുടർ നടപടിയില്ലാത്ത സാഹചര്യത്തിൽ വീണ്ടും കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഉദ്യോഗാർഥികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.