തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ആറു വർഷത്തിനിടെ 5,517 അധ്യാപകർ കുറഞ്ഞു. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ കുട്ടികൾ ഏറെ വർധിച്ചെന്ന സർക്കാർ അവകാശവാദത്തിനിടയിലാണ് അധ്യാപകരുടെ എണ്ണത്തിൽ വൻ ഇടിവ്. തസ്തിക സൃഷ്ടിക്കാത്തതും നിയമനാംഗീകാരം കൂട്ടത്തോടെ തടഞ്ഞുവെച്ചതുമാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
2014 -15ൽ അധ്യാപകരുടെ എണ്ണം 1,64,154 ആയിരുന്നു. എന്നാൽ, 2021-22 ആയപ്പോഴേക്കും ഇത് 1,58,637 ആയി കുറഞ്ഞു. 2014-15ൽ ആകെയുണ്ടായിരുന്ന 1,64,154 അധ്യാപകരിൽ 97,875 പേർ (59.62 ശതമാനം) എയ്ഡഡ് സ്കൂളുകളിലായിരുന്നു. 53,848 പേർ (32.8) സർക്കാർ സ്കൂളുകളിലും 12,431 പേർ (7.57) അൺഎയ്ഡഡ് സ്കൂളുകളിലുമായിരുന്നു. 2021 -22ൽ ആകെയുള്ള 1,58,637 അധ്യാപകരിൽ 91,219 പേർ (57.5 ശതമാനം) എയ്ഡഡ് സ്കൂളുകളിലും 53,336 പേർ (33.62 ശതമാനം) സർക്കാർ സ്കൂളുകളിലുമാണ്. 14,082 പേർ (8.88 ) അൺഎയ്ഡഡ് സ്കൂളുകളിലുമാണ്. എയ്ഡഡ് സ്കൂളുകളിലും സർക്കാർ സ്കൂളുകളിലുമാണ് അധ്യാപകർ കുറഞ്ഞത്. എന്നാൽ, കുട്ടികൾ കുറഞ്ഞ അൺഎയ്ഡഡ് സ്കൂളുകളിൽ അധ്യാപകർ വർധിച്ചു.
ഭിന്നശേഷി സംവരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ 9913 അധ്യാപകരുടെ നിയമനാംഗീകാരം തടസ്സപ്പെട്ടിരിക്കുകയാണ്. 2022-23 വർഷത്തെ തസ്തിക നിർണയത്തിന്റെ അടിസ്ഥാനത്തിൽ അധിക തസ്തിക സൃഷ്ടിക്കാൻ സർക്കാർ ഇതുവരെ തയാറായിട്ടുമില്ല. കുട്ടികൾ വർധിച്ചതുവഴിയുണ്ടായ അധ്യാപക തസ്തികകളിലെല്ലാം താൽക്കാലിക നിയമനം നടത്താനാണ് നിർദേശം. തസ്തിക സൃഷ്ടിക്കാത്തത് പി.എസ്.സി റാങ്ക് പട്ടികയിലുള്ളവർക്കും തിരിച്ചടിയാണ്. എയ്ഡഡ് സ്കൂളുകളിൽ കുട്ടികൾ വർധിച്ചതിനനുസരിച്ച് പ്രതീക്ഷിത തസ്തികയിൽ ഒട്ടേറെ പേർ നിയമനം നേടിയിട്ടുണ്ട്.
തസ്തിക സൃഷ്ടിച്ചാൽ മാത്രമേ ഇവർക്കും നിയമനാംഗീകാരത്തിന് വഴിയൊരുങ്ങൂ. അധിക തസ്തിക അനുവദിച്ചുള്ള സർക്കാർ ഉത്തരവ് സെപ്റ്റംബർ 30നകം പുറത്തിറക്കണമെന്നാണ് വിദ്യാഭ്യാസ ചട്ടത്തിൽ ഭേദഗതി വരുത്തിയ വ്യവസ്ഥ. എന്നാൽ, അധ്യയന വർഷം അവസാനിക്കാറായിട്ടും ഇതിന് സർക്കാർ നടപടിയെടുത്തിട്ടില്ല. അധിക സാമ്പത്തിക ബാധ്യത വരുത്തുമെന്നതിനാൽ ധനവകുപ്പിന്റെ നിലപാടനുസരിച്ചായിരിക്കും തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.