ദുബൈ: ലോക്ക്ഡൗണിനെ തുടർന്ന് കുടുങ്ങിപ്പോയ ഗർഭിണികളെ നാട്ടിലെത്തിക്കണമെന്നാവശ്യപെട്ട് സുപ്രീംകോടതിയെ സമീപിച്ച കോഴിക്കോട്ടുകാരി ആതിര നാട്ടിലേക്ക്. വ്യാഴാഴ്ച നാട്ടിലേക്ക് പുറപ്പെടുന്ന ആദ്യവിമാനത്തിൽ ആതിരയുമുണ്ടാകും. യാത്രക്ക് അനുമതി ലഭിച്ചതായി ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് കോണ്‍സുല്‍ ജനറല്‍ വിപുല്‍ കഴിഞ്ഞ ദിവസം ആതിരയെ ഫോണിൽ അറിയിച്ചു. ഇതോടെ ആശ്വാസത്തോടെ നാട്ടിലേക്ക് തിരിക്കാനുള്ള തയ്യാറെടുപ്പിലാണ് പേരാമ്പ്ര സ്വദേശി ജി.എസ്. ആതിരയും ഭർത്താവ് നിധിനും.
ഏഴു മാസം ഗർഭിണിയായ ആതിര പ്രസവ തീയതിക്ക് മുമ്പായി ഇന്ത്യയിലെത്തിക്കണമെന്നാവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിച്ചത്. മാതൃരാജ്യത്ത് കുഞ്ഞിന് ജന്മം നൽകാനുള്ള അവകാശം യു.എ.ഇയിലുള്ള ഇന്ത്യക്കാരായ ഗർഭിണികൾക്ക് നിഷേധിക്കരുതെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകൻ വിരേന്ദ്ര വസിഷ്ഠ്, അഭിഷേക് ഗൗതം എന്നിവർ മുഖേനയാണ് ഹരജി ഫയൽ ചെയ്തത്. ദുബൈയിലെ ഐ.ടി. കമ്പനിയില്‍ ജോലി ചെയ്യുന്ന ആതിര ഇൻകാസ് യൂത്ത് വിങിെൻറ സഹായത്തോടെയാണ് നിയമനടപടികളിലേക്ക് കടന്നത്. ഗര്‍ഭിണികളായ ഒട്ടേറെ പേരാണ് യു.എ.ഇയിൽ കുടുങ്ങിപ്പോയത്. ദിവസങ്ങൾ നീളുന്നതോടെ ഇവരിൽ പലർക്കും നിയമപ്രകാരം വിമാനത്തിൽ യാത്ര ചെയ്യാനും കഴിഞ്ഞെന്നു വരില്ല.
ഇതെല്ലാം മുന്നിൽ കണ്ടാണ് ആതിര കോടതിയെ സമീപിച്ചത്. മെയ് പകുതി പിന്നിട്ടാൽ ആതിരക്കും വിമാനത്തിൽ യാത്ര ചെയ്യാനാകുമായിരുന്നില്ല. ഇതിനിടെ ആതിരക്ക് നാട്ടിൽ നിന്നൊരു സ്നേഹസമ്മാനവുമെത്തി. ഷാഫി പറമ്പിൽ എം.എൽ.എയുടെ വക സൗജന്യ ടിക്കറ്റായിരുന്നു അത്. സമ്മാനം ഏറ്റുവാങ്ങിയ ദമ്പതികൾ പണമില്ലാതെ ബുദ്ധിമുട്ടുന്ന രണ്ടു പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന്നുള്ള ടിക്കറ്റ് ചാർജ് ഇൻകാസിന് കൈമാറി. യു.എ.ഇ ഇൻകാസ് യൂത്ത് വിംഗ് പ്രസിഡൻറ് ഹൈദർ തട്ടത്താഴത്ത്, ജനറൽ സെക്രട്ടറി ജിജോ എന്നിവരുടെ നേതൃത്വത്തിൽ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് ഒരു മാസക്കാലം നീണ്ട പ്രചരണപ്രവർത്തനങ്ങളാണ് സമൂഹമാധ്യമങ്ങൾ വഴി സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.