നെടുമ്പാശ്ശേരി/ ആലുവ: നടി ആക്രമിക്കപ്പെട്ട സംഭവം സംബന്ധിച്ച് പൊലീസിന് ലഭിച്ച രഹസ്യമൊഴി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാനിടയായത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. പീഡനം വിവരിക്കുന്ന നടിയുടെ രഹസ്യമൊഴിയാണ് ചോര്‍ന്നത്. അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്ന ഏതെങ്കിലും ഉദ്യോഗസ്ഥര്‍ വഴിയാണോ ഇത് ചോര്‍ന്നതെന്നും സംശയമുണ്ട്. ഇതേക്കുറിച്ച് പൊലീസ്തലത്തില്‍ അന്വേഷണം തുടങ്ങി.
ചിലര്‍ വാട്സ്ആപ്പിലൂടെ ഈ വിവരങ്ങള്‍ കൈമാറിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കേസിലെ നിര്‍ണായക മൊഴി ചോര്‍ന്നത് പൊലീസ് ഗൗരവമായാണ് കാണുന്നത്. അതിനിടെ, പള്‍സര്‍ സുനി മുഖ്യപ്രതിയായ കേസില്‍ അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച രേഖകളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. നേരത്തേ പള്‍സര്‍ സുനിയുടെ കാമുകിയെന്ന പേരില്‍ ചിത്രങ്ങളും പൊലീസുകാരന്‍േറതെന്ന് തോന്നിപ്പിക്കുന്ന ശബ്ദരേഖയും പ്രചരിച്ചിരുന്നു.
ഇതോടെ ഫേസ്ബുക്ക്, വാട്സ്ആപ്പ്പോലുള്ള സമൂഹമാധ്യമങ്ങളിലും പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് നെടുമ്പാശ്ശേരി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.