കണ്ണൂർ: ഇരിട്ടിക്ക് സമീപം ഉളിക്കലിലെ ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനയെ തുരത്താന്‍ ശ്രമം തുടരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പടക്കം പൊട്ടിച്ചതോടെ ആന പുറവയല്‍ മാട്ടറ ഭാഗത്തേക്ക് നീങ്ങി. നേരത്തെ ആനയെ കണ്ട് ഭയന്നോടിയ ആറുപേര്‍ക്ക് പരിക്കേറ്റിരുന്നു. വയത്തൂര്‍ വില്ലേജ് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഉളിക്കൽ ടൗണിനോട് ചേർന്നാണ് പുലർച്ചയോടെ ആനയെ കണ്ടത്. കർണാടക വനത്തിൽ നിന്നോ ആറളം വനമേഖലയിൽ നിന്നോ കാട്ടാനയിറങ്ങിയതാകാമെന്നാണ് നിഗമനം. എന്നാൽ, വനമേഖലയിലേക്ക് ഇവിടെ നിന്ന് ഏറെ ദൂരമുണ്ട്. അതിനാൽ ആനയെ വനത്തിലേക്ക് തുരത്തൽ പ്രയാസമേറിയതാണ്.
കാട്ടാനയെ ജനവാസ മേഖലയില്‍ നിന്നും കാട്ടിലേക്ക് തുരത്താന്‍ വനം വകുപ്പ് നടപടി സ്വീകരിച്ചുവരികയാണെന്നും ജനങ്ങളുടെ ആശങ്ക അകറ്റാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിലുള്ള നടപടികളാണ് സ്വീകരിക്കുക. ഇതിന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ആനയെ അവിടെ നിന്നും തുരത്തുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് തടസ്സമാകുന്ന വിധത്തില്‍ ജനക്കൂട്ടം ഇല്ലാതിരിക്കേണ്ടതുണ്ട്. ആളുകള്‍ കൂടുന്നത് ഈ ഓപ്പറേഷന്‍ നടത്തുന്നതിന് പ്രയാസം ഉണ്ടാക്കുന്നതും ആന പ്രകോപിതനാകാന്‍ ഇടയാകുന്നതുമാണ്. ആനയെ തുരത്താനുള്ള എല്ലാ നടപടികളും സ്വീകരിച്ച ശേഷം, ആയത് സാധ്യമല്ലാതെ വരുന്ന പക്ഷം സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം മയക്കുവെടി വെച്ച് പിടികൂടുന്ന കാര്യത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.