ചാലക്കുടി: സാമൂഹിക വിരുദ്ധർ ബസിന്റെ എൻജിനുള്ളിൽ ഉപ്പും ബേബി മെറ്റലും വിതറിയതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയിൽ ചാലക്കുടി സൗത്ത് ജങ്ഷനിൽ സ്വകാര്യ ബസ് സ്റ്റാൻഡിൽ പതിവുപോലെ നിർത്തിയിട്ട അൽഅമീൻ ബസിന്റെ എൻജിനാണ് സാമൂഹിക വിരുദ്ധർ കേടുവരുത്തിയത്. വൈറ്റിലപ്പാറ-കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന ബസാണിത്. കഴിഞ്ഞ ദിവസം രാത്രി 12ന് ശേഷമാണ് സംഭവം നടന്നതെന്ന് ബസ് ഉടമ സിബിൻ കെ. അസീസ് പറഞ്ഞു.
രാവിലെ സർവിസ് ആരംഭിക്കുന്നതിന് മുമ്പ് ജീവനക്കാർ ഓയിൽ ലെവൽ പരിശോധിക്കുമ്പോഴാണ് സംഭവം ശ്രദ്ധയിൽ പെട്ടത്. എൻജിന് സമീപം കല്ലും ഉപ്പും ചിതറി കിടക്കുന്നതു കണ്ടപ്പോൾ സംശയം തോന്നി പരിശോധിക്കുകയായിരുന്നു.
കഴിഞ്ഞ രാത്രിയിൽ ഈ ബസിന്റെ വാതിൽ ആരോ തുറക്കാൻ ശ്രമിക്കുകയും അതിന് കഴിയാതെ നടന്നു പോകുന്നതായി കണ്ടുവെന്ന് ഓട്ടോറിക്ഷ ഡ്രൈവർ പറഞ്ഞിരുന്നു. പരിസരത്തെ വീടുകളിലെ സി.സി.ടി.വി കാമറകൾ പരിശോധിച്ച് കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 80,000 രൂപയോളം ചെലവഴിച്ച് എൻജിൻ അഴിച്ച് പണിതാൽ മാത്രമേ പൂർവ സ്ഥിതിയിലാക്കാനാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.