അക്രമി എലത്തൂർ കോരപ്പുഴ പാലം തെരഞ്ഞെടുത്തത് ബോധപൂർവമോ?

കോഴിക്കോട്: എലത്തൂരിലെ ട്രെയിൻ ആക്രമണത്തിൽ അടിമുടി ദുരൂഹതയാണുള്ളത്. അക്രമി എലത്തൂർ കോരപ്പുഴ പാലം തെരഞ്ഞെടുത്തത് ബോധപൂർവമാണോയെന്ന സംശയം ബലപ്പെടുകയാണ്. ഇതുമായി ബന്ധപ്പെട്ട ലഭിച്ച സി.സി.ടി.വി ദ്യശ്യങ്ങളിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ട്രെയിൻ നിർത്തിയ ശേഷം റോഡിലേക്കിറങ്ങുന്നതും തയ്യാറായി നിന്ന ഒരു ബൈക്കിലേക്ക് കയറി പോകുന്നതുമാണുള്ളത്. നേരത്തെ ഇയാളെ കാത്ത് ബൈക്കിവിടെയുണ്ടായിരുന്നുവെന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്.

ബൈക്കു​മായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് കൂരാച്ചൂണ്ട് സ്വദേശിയുടേതാണ് വാഹനമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് എലത്തൂർ കോരപ്പുഴ പാലം അക്രമി ബോധപൂർവം തെരഞ്ഞെടുത്തതാണോയെന്ന സംശയം ബലപ്പെടുന്നത്. സംഭവത്തിൽ വിവിധ ഏജൻസികൾ ഇതിനകം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ, എലത്തൂർ റെയിൽവേ സ്റ്റേഷൻ സമീപം ട്രാക്കിൽ അക്രമിയുടെതെന്ന് കരുതുന്ന ബാഗ് കണ്ടെത്തി. ബാഗിൽ അര കുപ്പിയോളം പെട്രോളിന് സമാനമായ വസ്തുവും ലഘുലേഖകളും മൊബൈൽ ഫോണും വസ്ത്രങ്ങളുമാണുള്ളത്.

ഇന്നലെ രാത്രി 9.30ന് എലത്തൂര്‍ സ്റ്റേഷന്‍ വിട്ട് മുന്നോട്ട് നീങ്ങിയതോടെയാണ് ആലപ്പുഴ -കണ്ണൂര്‍ എക്സിക്യൂട്ടിവ് ട്രെയിനിൽ ഞെട്ടിക്കുന്ന സംഭവങ്ങളുണ്ടായത്. ഡി 2 കോച്ചിലായിരുന്ന ചുവന്ന കള്ളി ഷർട്ട് ധരിച്ച അ​ക്രമി ട്രെയിൻ കോരപ്പുഴക്ക് സമീപം എത്തിയപ്പോൾ ഡി1 കോച്ചിലേക്ക് രണ്ട് കുപ്പി പെട്രോളുമായെത്തി. തിരക്ക് കുറവായിരുന്ന കോച്ചില്‍ പല സീറ്റുകളിലായി യാത്രക്കാരുണ്ടായിരുന്നു.

എല്ലാവരുടേയും ദേഹത്തേക്ക് അക്രമി പെട്രോള്‍ ചീറ്റിച്ച ശേഷം പൊടുന്നനെ തീയിട്ടു. തീ ഉയര്‍ന്നപ്പോള്‍ നിലവിളച്ച യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയെങ്കിലും ഡി1 കോച്ച് നിന്നത് കോരപ്പുഴ പാലത്തിന് മുകളിലായിരുന്നു. ഇതേതുടർന്ന് ആര്‍ക്കും പുറത്തിറങ്ങാന്‍ സാധിച്ചില്ല. അക്രമി അപ്പേഴേക്കും ഓടി മറഞ്ഞെന്നാണ് യാത്രക്കാർ പറയുന്നത്. 

Tags:    
News Summary - Attempt to set fire to passengers on train: More news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.