പാലക്കാട്: ആർ.എസ്.എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ ആയുധം എത്തിച്ച ഓട്ടോ കണ്ടെത്തി. പിടിയിലായ അഷ്ഫാഖ് എന്നയാളുടെ ബൈക്കും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ നാലു പേരിൽ മുഹമ്മദ് ബിലാൽ, സഹദ് എന്നിവരെ വിവിധയിടങ്ങളിൽ എത്തിച്ച് തെളിവെടുക്കുകയായിരുന്നു. റെയിൽവേ ട്രാക്കിനോട് ചേർന്ന് നിർത്തിയിട്ട ഓട്ടോറിക്ഷയിലാണ് കൊലക്കുപയോഗിച്ച ആയുധങ്ങൾ പഴപ്പെട്ടിക്ക് അടിയിലാക്കി ഒളിപ്പിച്ചിരുന്നത്. ഇവിടെ നിന്നാണ് ആയുധങ്ങൾ കാറിൽ കൊണ്ടുപോയത്.
കേസിൽ കൊലയാളികൾക്ക് സഹായം ചെയ്യുകയും ഗൂഢാലോചനയിൽ പങ്കാളികളാകുകയും ചെയ്ത ആറു പേരാണ് ഇതുവരെ പിടിയിലായത്. ശ്രീനിവാസനെ വെട്ടിവീഴ്ത്തിയ മൂന്നു പേർ ഉൾപ്പെടെ ആറംഗ കൊലയാളി സംഘത്തെ ഇതുവരെ പിടികൂടാനായിട്ടില്ല.
വെട്ടേറ്റ് കൊല്ലപ്പെട്ട പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്‍റെ മൃതദേഹം സൂക്ഷിച്ചിരുന്ന പാലക്കാട് ജില്ല ആശുപത്രി മോർച്ചറിക്ക് സമീപമാണ് ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നതെന്ന് എ.ഡി.ജി.പി വിജയ് സാഖറെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൊലപാതകത്തിനു മുമ്പും ശേഷവും പ്രതികളിൽ ചിലർ ജില്ല ആശുപത്രിയിൽ എത്തിയിരുന്നതായി സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.