കോഴിക്കോട്: കോവിഡ് രോഗികൾക്ക് നൽകാൻ അനുയോജ്യമെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം കണ്ടെത്തിയ ആയുഷ്-64 മരുന്ന് വിതരണം ചെയ്യാൻ സേവാ ഭാരതിയെ ചുമതലപ്പെടുത്തിയ നടപടി ഭരണഘടനാ വിരുദ്ധവും ആരോഗ്യമേഖലയിലെ സന്നദ്ധ പ്രവർത്തകരോടും സർക്കാർ സംവിധാനങ്ങളോടുമുള്ള വെല്ലുവിളിയുമാണെന്ന് സി.പി.എം നേതാവ് എളമരം കരീം. മരുന്ന് വിതരണത്തിന് സേവാ ഭാരതി വളണ്ടിയർമാരുമായി സഹകരിച്ച് രൂപരേഖ തയ്യാറാക്കാൻ നിർദ്ദേശിച്ചുകൊണ്ടുള്ള സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസസിന്റെ (സി.സി.ആർ.എ.എസ്) വിവാദ ഉത്തരവ് പിൻവലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആയുഷ് മന്ത്രി ശ്രീപത് നായ്ക്കിന് കരീം കത്ത് നൽകി.
ആർ.എസ്.എസിന് കീഴിൽ പ്രവർത്തിക്കുന്ന സംഘടനയായ സേവാ ഭാരതിയെ മരുന്ന് വിതരണത്തിനായി സംസ്ഥാന സർക്കാറുകളും സർക്കാർ ജില്ലാ ഭാണകൂടങ്ങളും തദ്ദേശ സ്ഥാപനങ്ങളും ചുമതലപ്പെടുത്തണം എന്നാണ് സിസിആർഎഎസ് ഉത്തരവിൽ പറയുന്നത്. ഇത്തരത്തിൽ ഒരു ഉത്തരവ് ഇറക്കിയതിലൂടെ ഒരു മടിയുമില്ലാതെ തങ്ങളുടെ രാഷ്ട്രീയ ചായ്‌വ് കാണിക്കുകയാണ് സി.സി.ആർ.എ.എസ് ചെയ്തിരിക്കുന്നത്. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്വയം ഭരണ സ്ഥാപനമായ സി.സി.ആർ.എ.എസ് ആയുർവേദത്തിൽ ഗവേഷണവും കണ്ടുപിടുത്തങ്ങളും നടത്തുന്ന ഏജൻസിയാണ്.
പക്ഷെ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന ഒരു ഏജൻസിയായി അത് അധഃപതിച്ചിരിക്കുന്നു. ഭരണഘടനയുടെ നഗ്നമായ ലംഘനവും കോവിഡ് പ്രതിരോധത്തിൽ വിശ്രമമില്ലാതെ പങ്കാളികളാവുന്ന ആശാ വർക്കർമാർ ഉൾപ്പെടെയുള്ള സന്നദ്ധ പ്രവർത്തകരോടുള്ള വെല്ലുവിളിയുമാണ് ഈ ഉത്തരവ്. അതിനാൽ ഇത് എത്രയും വേഗം പിൻവലിക്കണമെന്നും ഇത്തരത്തിൽ ഒരു തീരുമാനത്തിന് പിന്നിലുള്ളവരെ കണ്ടെത്താനുതകുന്ന തരത്തിൽ സമഗ്രമായ അന്വേഷണം പ്രഖ്യാപിച്ച് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.