ഗുണ്ടാപണി കൊണ്ട് പി.വി അൻവറിന്റെ താൽപര്യം സംരക്ഷിക്കപ്പെട്ടില്ല -ഡോ. ആസാദ്

മലപ്പുറം: പി.വി. അൻവർ എം.എൽ.എയുടെ ടൂറിസം പദ്ധതിയുടെ ഭാഗമായ കക്കടാംപൊയിലിലെ പി.വി.ആർ നേച്വർ റിസോർട്ടിലെ തടയണകൾ പൊളിച്ചു നീക്കണമെന്ന ഹൈകോടതി വിധിയെ സ്വഗതംചെയ്ത് ഇടത് ബുദ്ധിജീവി ഡോ. ആസാദ് മലയാറ്റിൽ. കൈയേറ്റത്തിനെതിരെ പ്രതികരിച്ച താനും എം.എൻ. കാരശ്ശേരിയും അടക്കമുള്ളവരെ ഗുണ്ടകൾ തടഞ്ഞതും അക്രമിച്ചതും ഓർമിപ്പിച്ചാണ് ആസാദിന്റെ പ്രസ്താവന. ആക്ഷേപംകൊണ്ടോ ഗുണ്ടാ പണികൊണ്ടോ കയ്യേറ്റ സംഘത്തിന്റെയും അവരുടെ നേതാവ് പി വി അൻവർ എം.എൽ.എയുടെയും താൽപര്യങ്ങൾ സംരക്ഷിക്കപ്പെട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അൻവറിന്റെ തടയണകൾ പൊളിച്ചുനീക്കണമെന്ന് കലക്ടർ നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ, തടയണയുടെ മുകളിലൂടെ പണിത റോഡ് തങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും അതിനാൽ തടയണ പൊളിക്കരുതെന്നും ആവശ്യപ്പെട്ട് റിസോർട്ടിന് സമീപത്തെ സ്ഥല ഉടമയായ ഷഫീഖ് ആലുങ്കൽ ഹൈകോടതിയെ സമീപിച്ചു. ഈ ഹരജി തള്ളിയാണ് തടയണകൾ പൊളിച്ചുനീക്കണമെന്ന് ജസ്റ്റിസ് വി.ജി. അരുൺ ഉത്തരവിട്ടത്.

കലക്ടറുടെ ഉത്തരവ് നടപ്പാക്കാത്തതിനെതിരെ കേരള നദീസംരക്ഷണ സമിതി ജനറൽ സെക്രട്ടറി ടി.വി. രാജൻ നൽകിയ ഹരജിയും ഇതോടൊപ്പം പരിഗണിച്ചു. തടയണകൾ പൊളിച്ചു നീക്കാൻ നേരത്തേയും കോടതി ഉത്തരവിട്ടിരുന്നു. കലക്ടറുടെ ഉത്തരവ് വന്നശേഷമാണ് ഷഫീഖ് ആലുങ്കൽ വാങ്ങിയതെന്ന് കോടതി വിലയിരുത്തി. പരിസ്ഥിതിയെയും ആവാസ വ്യവസ്ഥയെയും സംരക്ഷിക്കാനുള്ള ലക്ഷ്യത്തിന്‍റെ ഭാഗമാണ് കലക്ടറുടെ ഉത്തരവ്. അതിൽ ഇടപെടേണ്ട കാര്യമില്ല. പഞ്ചായത്താണ് പൊളിച്ചുനീക്കുന്നതെങ്കിൽ റിസോർട്ടിൽനിന്ന് ഇതിന്‍റെ ചെലവ് ഈടാക്കണമെന്നും കോടതി നിർദേശിച്ചു.

ആസാദിന്റെ കുറിപ്പ് വായിക്കാം:

കക്കാടംപൊയിലിലേക്ക് ഞങ്ങളൊരു യാത്ര പോയിരുന്നു. മലമുകളിൽ പ്രകൃതിസമ്പത്തു കൊള്ളയടിച്ചും പരിസ്ഥിതി തകർത്തുമുള്ള ധന മാഫിയാ പ്രവർത്തനങ്ങൾ പൊതു ശ്രദ്ധയിൽ കൊണ്ടുവരാനായിരുന്നു അത്. എം എൻ കാരശ്ശേരിയുടെ നേതൃത്വത്തിൽ നടന്ന യാത്ര കയ്യേറ്റക്കാരുടെ ഗുണ്ടകൾ തടഞ്ഞതും അക്രമിച്ചതും അന്നു വാർത്തയായിരുന്നു.

കേരളത്തിലെ സർക്കാർ അനുകൂല എഴുത്തുകാർ കയ്യേറ്റക്കാരുടെ ഭാഷയിൽ കാരശ്ശേരിമാഷെയും സംഘത്തെയും ആക്ഷേപിക്കുന്നതും നാം കണ്ടു. ആ ആക്ഷേപംകൊണ്ടോ ഗുണ്ടാ പണികൊണ്ടോ കയ്യേറ്റ സംഘത്തിന്റെയും അവരുടെ നേതാവ് എം എൽ എ കൂടിയായ പി വി അൻവറിന്റെയും താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെട്ടില്ല. കേരള ഹൈക്കോടതി കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിലിൽ പി വി ആർ നേച്ച്വർ റിസോർട് നിർമ്മിച്ച അനധികൃത തടയണകൾ പൊളിച്ചുമാറ്റാൻ ഉത്തരവിട്ടിരിക്കുന്നു.

ഇരുവഞ്ഞിപ്പുഴയുടെ നീരൊഴുക്കുകൾ തടഞ്ഞാണ് തടയണ നിർമ്മിച്ചത്. അതിന് സർക്കാർ അനുമതി തേടിയിട്ടുമില്ല. തടയണ പൊളിക്കാൻ ജില്ലാ കലക്ടർ നേരത്തേ ഉത്തരവിട്ടതാണ്. അതു ചോദ്യംചെയ്ത് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയാണ് ഇപ്പോൾ തള്ളിയിരിക്കുന്നത്. പ്രകൃതിസമ്പത്ത് പൊതുജനങ്ങൾക്കായി സംരക്ഷിക്കാനുള്ള ബാദ്ധ്യത സർക്കാറിനുണ്ടെന്ന് കോടതി ഓർമ്മിപ്പിച്ചു.

കക്കാടംപൊയിലിലെ കയ്യേറ്റങ്ങളും അനധികൃത നിർമ്മാണങ്ങളും ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. മലപ്പുറത്തെയും കോഴിക്കോട്ടെയും റവന്യു ഉദ്യോഗസ്ഥരും കലക്ടർമാരും നടപടികൾ നിർദ്ദേശിച്ചതുമാണ്. പക്ഷേ, രാഷ്ട്രീയാധികാരത്തിന്റെ പിൻബലത്തിൽ എല്ലാം അട്ടിമറിക്കപ്പെട്ടു. ഇത്തരം കയ്യേറ്റങ്ങൾ ചൂണ്ടിക്കാട്ടുന്നതും അവയ്ക്കെതിരെ പ്രതികരിക്കുന്നതും കുറ്റകരമാണെന്ന നിലകൂടി വന്നു.

ഹൈക്കോടതിവിധി ആശ്വാസകരമാണ്. അതു നടപ്പാവുമെന്ന് കരുതാം.

ആസാദ്

28 ഒക്ടോബർ 2022

Tags:    
News Summary - Azad Malayattil against pv anvar mla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.