വിമർശിച്ചവർക്കെതിരെ വിലക്ക്​; പിഴവുപറ്റിയെന്ന്​ പി.എസ്‍.സി

തിരുവനന്തപുരം: കാസര്‍കോട് ജില്ലയിലെ സ്റ്റാഫ് നഴ്‌സ് നിയമനം ഇഴയുന്നതിനെതിരെ പ്രതികരിച്ച ഉദ്യോഗാര്‍ഥികളെ നിയമനങ്ങളില്‍നിന്ന് വിലക്കാനുള്ള തീരുമാനത്തിൽനിന്ന്​ പി.എസ്​.സി പിന്മാറുന്നു. വിലക്കിനെതിരെ എഴുത്തുകാരൻ എൻ.എസ്. മാധവൻ ഉൾപ്പെടെയുള്ളവർ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ്​ പി.എസ്​.സി കർക്കശ നടപടിയിൽനിന്ന്​ ഉൾവലിയാൻ തീരുമാനിച്ചത്​.

ഉദ്യോഗാര്‍ഥികള്‍ക്കെതിരെ സ്വീകരിച്ച നടപടിയില്‍ പിഴവ് പറ്റിയെന്ന് പി.എസ്.സി അംഗം ലോപ്പസ് മാത്യു മാധ്യമങ്ങളോട്​ പറഞ്ഞു. ഉദ്യോഗാര്‍ഥികളെ പി.എസ്‍.സി വിലക്കിയിട്ടില്ല. പരാതി ഉന്നയിച്ചതിൻെറ പേരില്‍ നടപടി ഉണ്ടാകില്ല. എന്നാൽ, ആരോപണം ഉന്നയിച്ചവരോട് വിശദീകരണം തേടും. ആഭ്യന്തര വിജിലൻസ്​ അന്വേഷണത്തിന്​ ശേഷം നടപടിയെകുറിച്ച്​ ആലോചിക്കും -അദ്ദേഹം വ്യക്​തമാക്കി.

റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത 68 ഒഴിവുകളും പ്രമോഷന്‍, ലീവ് വേക്കന്‍സികള്‍ സംബന്ധിച്ച് വിവരാവകാശ പ്രകാരം ലഭിച്ച വിവരങ്ങളും മാധ്യമങ്ങളോട് പങ്കുവെച്ചവർക്കെതിരെയാണ്​ പി.എസ്.സി നടപടിയെടുത്തത്​. സമൂഹമാധ്യമങ്ങളില്‍ പി.എസ്.സിക്കെതിരെ പ്രചാരണം നടത്തിയെന്ന പേരില്‍ കോഴിക്കോട്, തിരുവനന്തപുരം സ്വദേശികളെയാണ് മൂന്ന് വര്‍ഷത്തേക്ക് പരീക്ഷയില്‍ നിന്ന് വിലക്കിയത്. ഇക്കാര്യം ഈ മാസം 25ന്​ വാർത്താകുറിപ്പിലൂടെ അറിയിക്കുകയും ചെയ്​തിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.