വാഴവെട്ടൽ: മനുഷ്യജീവന് ഭീഷണിയായതിനാലെന്ന് കെ. കൃഷ്ണൻ കുട്ടി

തിരുവനന്തപുരം: മനുഷ്യ ജീവന് അപകടമുണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് കോതമംഗലത്ത് വാരപ്പെട്ടിയില്‍ വൈദ്യുതി ലൈനിന് സമീപം വളര്‍ന്ന വാഴകള്‍ അടിയന്തിരമായി വെട്ടി മാറ്റിയതെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ഇടുക്കി ജല വൈദ്യുത പദ്ധതിയില്‍ നിന്നും വൈകീട്ട് ലഭിക്കുന്ന അധിക ഉല്‍പ്പാദന ശേഷി ഉപയോഗിക്കണമെങ്കില്‍ ഈ ലൈന്‍ തകരാര്‍ അടിയന്തിരമായി പരിഹരിക്കണം.

അടിയന്തിര പ്രാധാന്യമായതിനാലാണ് പെട്ടെന്ന് നടപടി എടുക്കേണ്ട സാഹചര്യമുണ്ടായതെന്ന് മന്ത്രി പറഞ്ഞു. വിഷയത്തില്‍ മാനുഷിക പരിഗണന നല്‍കി പ്രത്യേക കേസായി പരിഗണിച്ച് കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമായി ആലോചിച്ച് ഉചിതമായ സഹായം നല്‍കുന്നതിനുള്ള തീരുമാനം എടുക്കാന്‍ കെ.എസ്.ഇ. ബിയുടെ പ്രസരണ വിഭാഗം ഡയറക്റ്റര്‍ക്ക് നിർദേശം നല്‍കിയെന്നും മന്ത്രി അറിയിച്ചു.

പരാതി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ കെ.എസ്.ഇ.ബിയുടെ പ്രസരണ വിഭാഗം ഡയറക്ടറോട് സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കുവാന്‍ മന്ത്രി നിർദേശിച്ചിരുന്നു. 220 കെ വി ലൈനിന് കീഴില്‍ പരാതിക്കാരന്‍ വാഴകള്‍ നട്ടിരുന്നുവെന്നും, അവ ലൈനിന് സമീപം വരെ വളര്‍ന്നിരുന്നു എന്നും പ്രാഥമിക അന്വേഷണത്തില്‍ മനസിലായി. ഈ മാസം നാലിന് 12.56 ന് മൂലമറ്റം നിലയത്തില്‍ നിന്നുള്ള ഈ ലൈന്‍ തകരാരിലാകുകയും, തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പരാതിക്കാരന്റെ വാഴയുടെ ഇലകള്‍ കാറ്റടിച്ചപ്പോള്‍ ലൈനിന് സമീപം എത്തുകയും ചില വാഴകള്‍ക്ക് തീ പിടിക്കുകയും ചെയ്തുവെന്നും വ്യക്തമായി.

കെ.എസ്.ഇ.ബി എല്‍ ജീവനക്കാര്‍ സ്ഥല പരിശോധന നടത്തിയപ്പോള്‍, സമീപവാസിയായ ഒരു സ്ത്രീക്ക് ചെറിയ തോതില്‍ വൈദ്യുതി ഷോക്ക് ഏറ്റതായും വ്യക്തമായി. വൈകീട്ട് ഇടുക്കി-കോതമംഗലം 220 കെ.വി ലൈന്‍ പുനസ്ഥാപിക്കേണ്ടത് അത്യാവശ്യമായതിനാല്‍, മനുഷ്യ ജീവന് അപകടം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ലൈനിന് സമീപം വരെ വളര്‍ന്ന വാഴകള്‍ അടിയന്തിരമായി വെട്ടിമാറ്റി ലൈന്‍ ചാര്‍ജ് ചെയ്തു എന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

എന്നാല്‍, മാനുഷിക പരിഗണന നല്‍കി ഒരു പ്രത്യേക കേസായി പരിഗണിച്ചുകൊണ്ട്, കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടി ആലോചിച്ച് ഉചിതമായ സഹായം നല്‍കുന്നതിനുള്ള തീരുമാനം എടുക്കാന്‍ കെ.എസ്.ഇ. ബിയുടെ പ്രസരണ വിഭാഗം ഡയറക്റ്റര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും വൈദ്യുതി മന്ത്രിയുടെ ഓഫിസ് അറിയിച്ചു.  മന്ത്രി പി. പ്രസാദ് കുലച്ച വാഴകൾ മുന്നറിയപ്പില്ലാതെ വെട്ടി മാറ്റിയതിനെതിരെ രംഗത്തുവന്നിരുന്നു. 

Tags:    
News Summary - Banana felling: The power minister's office said there is a risk to human life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.