കോഴിക്കോട്: റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മുഹമ്മദ് ആട്ടൂരിന്റെ (മാമി) തിരോധാനവുമായി ബന്ധപ്പെട്ട് പി.വി. അൻവർ എം.എൽ.എ പങ്കെടുക്കുന്ന വിശദീകരണ പൊതുസമ്മേളനം ഇന്ന് കോഴിക്കോട്ട് നടക്കും. മാമി തിരോധാന ആക്ഷൻ കമ്മിറ്റിയാണ് പരിപാടിയുടെ സംഘാടകർ. വൈകിട്ട് 6.30ന് മുതലക്കുളം മൈതാനിയിലാണ് പരിപാടി. മാമിയുടെ മകളും സഹോദരിയും ഉൾപ്പെടെയുള്ളവർ സമ്മേളനത്തിൽ പങ്കെടുക്കും.
മുഹമ്മദ് ആട്ടൂരിനെ 2023 ആഗസ്റ്റ് 22നാണ് കാണാതായത്. ഒരു വർഷത്തിലേറെയായിട്ടും കേസിൽ ഒരു തുമ്പും കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന് ബന്ധമുണ്ടെന്ന പി.വി. അൻവറിന്റെ ആരോപണഞ്ഞെ തുടർന്നാണ് മാമി കേസ് വീണ്ടും സജീവമായത്.
മാമി തിരോധാനത്തില്‍ എ.ഡി.ജി.പി അജിത് കുമാറിന് ഒളിഞ്ഞും തെളിഞ്ഞും പങ്കുണ്ടെന്നാണ് അന്‍വര്‍ നേരത്തെ ആരോപിച്ചിരുന്നത്. ഇതിനു പുറകിൽ പ്രവർത്തിച്ചത് അജിത് കുമാറാണെന്നതിന്റെ തെളിവുകൾ കയ്യിലുണ്ടെന്നും അത് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയെന്നും അൻവർ പറഞ്ഞു. വിവാദങ്ങൾ ഉയർന്നുവന്നതിനു പിന്നാലെ അജിത് കുമാർ അവധിയിൽ പോയത് തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ഒരു നൊട്ടോറിയസ് ക്രിമിനലാണെന്നും അൻവർ പറഞ്ഞിരുന്നു.
സി.പി.എമ്മുമായി അകന്ന ശേഷം അൻവർ ഇന്നലെ മലപ്പുറത്ത് ആദ്യ പൊതുപരിപാടി സംഘടിപ്പിച്ചിരുന്നു. വൻ ജനക്കൂട്ടമാണ് പരിപാടിയിൽ പങ്കെടുത്തത്. ജനങ്ങളോട് കൂടി ആലോചിച്ച ശേഷമേ പുതിയ പാർട്ടി രൂപീകരിക്കുന്ന കാര്യം തീരുമാനിക്കൂവെന്ന് അൻവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.