കോട്ടയം: ബാർ കോഴക്കേസില്‍ കെ.എം. മാണിയെ കുറ്റമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളിയത് മാണിക്കും കേരള കോൺഗ്രസിനും വിനയായി. വിധി മാണിക്ക് യു.ഡി.എഫിലെ മേല്‍ക്കൈ നഷ്ടപ്പെടുത്താനുമിടയാക്കും. പെെട്ടന്ന് പ്രതിസന്ധിയൊന്നും ഉണ്ടായില്ലെങ്കിലും കോഴക്കേസിെൻറ വാള് വീണ്ടും പാര്‍ട്ടി ലീഡറുടെ തലക്ക് മുകളിൽ തൂങ്ങുന്നത് പാർട്ടിയെ ക്രമേണ ദുർബലപ്പെടുത്തിയേക്കാം. ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, പ്രത്യേകിച്ചും.
അതേസമയം, പാർട്ടിയിൽ മാണിയുടെയും മകെൻറയും ഏകാധിപത്യത്തെ എതിർക്കുന്ന നേതാക്കൾക്ക് വിധി നൽകുന്നത് ആശ്വാസമാണ്. കൈക്കൂലി ആരോപണത്തിെൻറ പേരിൽ മന്ത്രിസഭയിൽനിന്ന് രാജിെവക്കുകയും പിന്നീട് യു.ഡി.എഫിൽനിന്ന് പുറത്തുപോകുകയും ചെയ്ത മാണിയെ കൊട്ടിഗ്ഘോഷിച്ച് മുന്നണിയിൽ തിരികെയെത്തിച്ച നേതാക്കൾക്ക് വിധി കനത്ത ആഘാതമാണ്. യു.ഡി.എഫ് നേതൃത്വം ഒരിക്കലും ഇത്തരമൊരു തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് വ്യക്തം. അതുകൊണ്ടുതന്നെ മാണിയെ പെെട്ടന്ന് പിന്തുണക്കാനും പ്രതിരോധിക്കാനും നേതാക്കൾക്ക് കഴിയാത്ത അവസ്ഥയാണ്.
എന്നാൽ, മാണിയോടുള്ള നിലപാട് കടുപ്പിച്ച് മുന്നോട്ടുപോകുന്ന വി.എം. സുധീരന് വിധി ശക്തി പകരും. തന്നെ അവഗണിച്ചവർക്കു മുന്നിൽ തലയുയർത്തി നിൽക്കാൻ ഇത് അവസരമൊരുക്കും. ഉമ്മന്‍ ചാണ്ടിയുടെ നിര്‍ബന്ധപ്രകാരം കേരള കോണ്‍ഗ്രസിനു വിട്ടുകൊടുത്ത കോട്ടയം ലോക്സഭ മണ്ഡലം തിരികെ പിടിക്കാനുള്ള ശ്രമങ്ങളും ഇനി കോണ്ഗ്രസിലുണ്ടാകും. എ ഗ്രൂപ്പിലുള്ളവര്‍ രഹസ്യമായും ഐ ഗ്രൂപ്പുകാര്‍ പരസ്യമായും മാണിക്കെതിരായ നീക്കങ്ങളെ പിന്തുണക്കാനും സാധ്യതയേറെയാണ്. മധ്യകേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിലെ ബഹുഭൂരിപക്ഷവും കേരള കോൺഗ്രസിന് എതിരാണ്.
യൂത്ത് കോൺഗ്രസിലും മാണി വിരുദ്ധർ നിരവധിയാണ്. മാണി ഗ്രൂപ് യു.ഡി.എഫ് വിട്ടുനിന്നപ്പോള്‍ കോണ്‍ഗ്രസ് കോട്ടയത്ത് ശക്തമായ നിലയില്‍ തന്നെയായിരുന്നുവെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. എതിരാളികള്‍ ബാർ കോഴക്കേസ് വീണ്ടും പ്രചാരണ ആയുധമാക്കിയാല്‍ കേരളത്തില്‍നിന്ന് കൂടുതല്‍ സീറ്റുകൾ നേടാമെന്ന കോൺഗ്രസ് സ്വപ്നങ്ങള്‍ക്കും തിരിച്ചടിയാവും.
ഒരുവേള മാണിയെ ഒപ്പംകൂട്ടാൻ ആഗ്രഹിച്ച സി.പി.എമ്മും പുതിയ സാഹചര്യത്തിൽ മാണിക്കെതിരെയുള്ള നടപടി കടുപ്പിച്ചേക്കാം. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പോടെ മാണിയെ ഉപേക്ഷിച്ച സി.പി.എം അടുത്ത നടപടിക്കായി മുഖ്യമന്ത്രി വരുന്നതുവരെ കാത്തിരിക്കുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.