കൊച്ചി: അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ കായിക താരങ്ങൾക്കെതിരെ ഉന്നയിക്കുന്നത് അവർ രാജ്യം വിട്ടു പോകാൻ ഇടയാക്കുമെന്ന് ഹൈകോടതി. കേന്ദ്രസർക്കാർ അർജുന അവാർഡ് നിഷേധിച്ചതിനെതിരെ മുൻ ഒളിമ്പ്യനും ദേശീയ ട്രിപ്പിൾ ജംപ് താരവുമായ കോട്ടയം സ്വദേശി രഞ്ജിത് മഹേശ്വരി വീണ്ടും നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വാക്കാൽ പരാമർശം. ഉത്തേജകമരുന്ന് ഉപയോഗിച്ചെന്ന റിപ്പോർട്ടാണ് രഞ്ജിത് മഹേശ്വരിക്ക് അർജുന അവാർഡ് നിഷേധിച്ചതിന് കാരണമായി പറയുന്നതെന്നതിനാൽ ചൊവ്വാഴ്ച ഹരജി പരിഗണിക്കവേ ഉത്തേജകമരുന്ന് പരിശോധനയുടെ വിവരങ്ങൾ ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. തുടർന്നാണ് ഹരജിക്കാരൻ ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് പറയുന്നതിന്റെ അടിസ്ഥാനമെന്തെന്ന് ചോദിച്ച സിംഗിൾ ബെഞ്ച് കായികതാരങ്ങൾ രാജ്യം വിട്ടുപോകാൻ ഇതൊക്കെ കാരണമാകുമെന്ന് വാക്കാൽ പറഞ്ഞത്.
അർജുന അവാർഡ് നിഷേധിച്ചതിനെതിരെ കഴിഞ്ഞ തവണ രഞ്ജിത് മഹേശ്വരി നൽകിയ ഹരജി പരിഗണിച്ച ഹൈകോടതി ഇക്കാര്യത്തിൽ കേന്ദ്രസർക്കാറിന് നിവേദനം നൽകാനും നിവേദനം കേന്ദ്ര സർക്കാർ പരിഗണിച്ച് തീരുമാനം എടുക്കാനും നിർദേശിച്ചിരുന്നു. എന്നാൽ, നിവേദനം പരിഗണിച്ച കേന്ദ്രസർക്കാർ മുൻതീരുമാനത്തിൽ മാറ്റമില്ലെന്ന് അറിയിച്ചു. തുടർന്നാണ് ഹരജിക്കാരൻ വീണ്ടും ഹൈകോടതിയെ സമീപിച്ചത്. ഹരജി മൂന്നാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. 2013ൽ രഞ്ജിത് മഹേശ്വരിയെ അർജുന അവാർഡിന് തെരഞ്ഞെടുത്തിരുന്നെങ്കിലും അവാർഡ് ദാനത്തിനു തൊട്ടുമുമ്പ് ഉത്തേജകമരുന്ന് ഉപയോഗിച്ചെന്ന് റിപ്പോർട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ചടങ്ങിൽനിന്ന് വിട്ടുനിൽക്കാൻ കേന്ദ്ര കായിക മന്ത്രാലയം നിർദേശം നൽകി. എന്നാൽ, ഉത്തേജകമരുന്ന് ഉപയോഗിച്ചവരുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ തന്റെ പേര് അതിലില്ലെന്നാണ് ഹരജിക്കാരന്റെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.