കൊല്ലം: മൂന്നു വർഷത്തോളമായി കാണാതായ ഭാരതീപുരം തോട്ടംമുക്ക് പള്ളിമേലതിൽ വീട്ടിൽ ഷാജി പീറ്ററിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. ഭാരതീപുരത്തെ വീടിനരികിലെ കിണറിന് സമീപം കുഴിച്ചിട്ട മൃതദേഹത്തിന്റെ അവശിഷ്ടങ്ങളാണ് പൊലീസും ഫോറൻസിക് വിദഗ്ധരുൾപ്പെടെ അന്വേഷണസംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.
മൃതദേഹം കുഴിച്ചിടാൻ ഉപയോഗിച്ചെന്ന് സംശയിക്കുന്ന ചാക്കും എല്ലിന് കഷ്ണങ്ങളുമാണ് കണ്ടെടുത്തത്. ദുര്‍ഗന്ധം ഉണ്ടാകാതിരിക്കാന്‍ മൃതദേഹത്തിന് മുകളില്‍ ഷീറ്റിട്ട ശേഷം കോണ്‍ക്രീറ്റ് ചെയ്തിരുന്നു. കോണ്‍ക്രീറ്റ് നീക്കം ചെയ്ത് നടത്തിയ പരിശോധനയിലാണ് അവശിഷ്ടങ്ങൾ ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു.
മൂന്നു വർഷത്തോളമായി കാണാതായ യുവാവിനെ മാതാവും സഹോദരനും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം വീടിന് സമീപം കുഴിച്ചിട്ടതായി ബന്ധുവിെൻറ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഇതിന് പിന്നാലെ ഷാജി പീറ്ററിനെ (44) കൊലപ്പെടുത്തിയെന്ന കേസിൽ മാതാവ് പൊന്നമ്മ (62), സേഹാദരൻ സജിൻ പീറ്റർ (40), സജിന്റെ ഭാര്യ ആര്യ (35) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
2018 ലെ ഓണദിവസമായിരുന്നു സംഭവം. കൊട്ടാരക്കരയിൽ താമസക്കാരായ സജിനും ഭാര്യ ആര്യയും ഏരൂർ ഭാരതീപുരത്തെ വീട്ടിൽ വന്നപ്പോൾ, ഷാജിയും സജിനുമായി വാക്കേറ്റമുണ്ടായി. തുടർന്നുണ്ടായ അടിപിടിയിൽ തലക്കടിയേറ്റ് മരിച്ച ഷാജിയെ മൂവരും ചേർന്ന് വീടിന് സമീപം കുഴിച്ചിടുകയായിരുന്നത്രെ.
വിവിധ കേസുകളിൽ പ്രതിയായ ഷാജിയെ തിരക്കി വരുന്ന പൊലീസിനോടും നാട്ടുകാരോടും ഷാജി നാടുവിട്ടിരിക്കുകയാണെന്നും മലപ്പുറത്തെവിടെയോ ഉണ്ടെന്നുമാണ് പൊന്നമ്മ വിശ്വസിപ്പിച്ചിരുന്നത്. ഏതാനും ദിവസം മുമ്പ് പൊന്നമ്മയുടെ പത്തനംതിട്ടയിലുള്ള അകന്ന ബന്ധു വീട്ടിലെത്തി. സംഭാഷണമധ്യേ ഷാജി കൊല്ലപ്പെട്ടതാണെന്നും മൃതദേഹം വീടിനരികിലെ കിണറിന് സമീപം കുഴിച്ചിട്ടിരിക്കുന്നതായും പറയുകയുണ്ടായി.
ബന്ധു ഈ വിവരം പത്തനംതിട്ട എസ്.പി ഓഫിസിൽ അറിയിച്ചു. ഏരൂർ പൊലീസിന് പത്തനംതിട്ട എസ്.പി ഓഫിസിൽ നിന്ന് ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ സജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.