തിരൂർ: ആർ.എസ്.എസ് പ്രവർത്തകൻ ബിബിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിന് അറസ്റ്റിലായവരെ കോടതി 10 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത പോപ്പുലർ ഫ്രണ്ട് തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡൻറ് പെരുന്തല്ലൂർ ആലുക്കൽ മുഹമ്മദ് അൻവർ (39), വെട്ടം ആശാൻപടി യൂണിറ്റ് പ്രസിഡൻറ് പറവണ്ണ കാഞ്ഞിരക്കുറ്റി തലേക്കര വീട്ടിൽ തുഫൈൽ (32) എന്നിവരാണ് തിരൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ നൽകിയത്. ശനിയാഴ്ച വൈകുന്നേരം മുതൽ പ്രത്യേക അന്വേഷണ സംഘം പ്രതികളോ ചോദ്യം ചെയ്ത് തുടങ്ങി. രണ്ട് സംഘങ്ങളായാണ് അന്വേഷണം.
പ്രതികളിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായി പൊലീസ് അറിയിച്ചു. കൃത്യത്തിൽ പങ്കെടുത്ത മുഴുവൻ പേരെയും തിരിച്ചറിഞ്ഞതായി അന്വേഷണ സംഘം അറിയിച്ചു. ആറ് പേരാണ് കൊലപാതകത്തിൽ പങ്കെടുത്തത്. എല്ലാവരും ഒളിവിലാണ്. ചോദ്യം ചെയ്യൽ പൂർത്തിയാകുന്നതോടെ കേസുമായി ബന്ധപ്പെട്ട മുഴുവൻ വിശദാംശങ്ങളും ലഭിക്കുമെന്നാണ് പ്രതീക്ഷ. ജാമ്യത്തിലിറങ്ങുന്നതിന് മുമ്പ് തന്നെ ബിബിനെ വധിക്കാൻ ആസൂത്രണം നടത്തിയിരുന്നതായി പ്രതികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പൊന്നാനി, കുറ്റിപ്പുറം, എടപ്പാൾ, നരിപറമ്പ് എന്നിവിടങ്ങളിൽ ഒത്തുകൂടിയാണ് ആസൂത്രണം നടത്തിയത്. ബിബിന് കൊലപ്പെടുത്താൻ മുമ്പും ശ്രമിച്ചതായും മൊഴിയുണ്ട്. ഗൂഢാലോചന നടത്തിയ കേന്ദ്രങ്ങളിൽ തെളിവെടുപ്പും നടത്തും.
അറസ്റ്റിലായ തുഫൈൽ 2011ൽ പെരുന്നാൾ ദിനത്തിൽ സി.പി.എം പ്രവർത്തകരായ ബീമാെൻറ പുരക്കൽ ഹനീഫ, മുനീർ എന്നിവരെ വധിക്കാൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയാണ്. തിരൂർ ഡിവൈ.എസ്.പി ഉല്ലാസ്, സി.ഐ എം.കെ ഷാജി, എസ്.ഐ സുമേഷ് സുധാകർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.