കൊണ്ടോട്ടി: മലപ്പുറം കിഴിശ്ശേരിക്കടുത്ത് ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റ അന്തർ സംസ്ഥാന തൊഴിലാളി മരിച്ചു. ബിഹാര്‍ ഈസ്റ്റ് ചെമ്പാരന്‍ ജില്ലയിലെ മാധവ്പൂര്‍ കേഷോ സ്വദേശി സോണ്ടര്‍ മാഞ്ചിയുടെ മകന് രാജേഷ് മാഞ്ചിയാണ് (36) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്തെ പത്തിലധികം പേരെ സ്റ്റേഷനിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്തുവരികയാണ്. അസ്വാഭാവിക മരണത്തിനാണ് ഇപ്പോള്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.
ശനിയാഴ്ച പുലര്‍ച്ച ഒന്നിനുശേഷം കിഴിശ്ശേരി-തവനൂര്‍ റോഡില്‍ ഒന്നാം മൈലിലാണ് സംഭവം. സംശയ സാഹചര്യത്തില്‍ സമീപത്തെ വീട്ടുപരിസരത്തുനിന്ന് അന്തർ സംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ പിടികൂടി എന്ന വിവരത്തെ തുടര്‍ന്ന് പുലര്‍ച്ച 3.30ഓടെ സ്ഥലത്തെത്തിയ കൊണ്ടോട്ടി പൊലീസ് റോഡരികില്‍ ഗുരുതര പരിക്കുകളോടെ കിടന്നിരുന്ന രാജേഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പുലര്‍ച്ച 3.50ന് എത്തിച്ച ആംബുലന്‍സില്‍ രാജേഷിനെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഇയാളുടെ ശരീരമാസകലം മര്‍ദനമേറ്റതിന്റെ പരിക്കുകളും പാടുകളുമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ശരീരത്തിനകത്തും പുറത്തുമുള്ള മാരക മുറിവുകളാണ് മരണകാരണമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന പോസ്റ്റ് മോര്‍ട്ടത്തിനുശേഷം പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ചയാണ് കോഴിത്തീറ്റ വിപണന കേന്ദ്രത്തില്‍ ജോലിക്കായി രാജേഷ് കിഴിശ്ശേരി ഒന്നാം മൈലില്‍ എത്തി വാടക ക്വാര്‍ട്ടേഴ്സില്‍ താമസമാക്കിയത്. ഈ ക്വാര്‍ട്ടേഴ്സിന്റെ 300 മീറ്റര്‍ അകലെയുള്ള വി.പി. അലവിയുടെ വീട്ടുപരിസരത്താണ് രാജേഷിനെ സംശയ സാഹചര്യത്തിൽ കണ്ടത്. രാജേഷ് വീടിന് മുകളില്‍നിന്ന് വീഴുകയായിരുന്നെന്നും ശബ്ദം കേട്ട്, തൊട്ടടുത്ത് വിവാഹാവശ്യത്തിനായി അറവുജോലി ചെയ്തിരുന്ന പ്രദേശവാസികള്‍ ഓടിയെത്തി പിടികൂടുകയുമായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. വീഴുന്ന ശബ്ദവും കരച്ചിലും കേട്ടാണ് ഉണര്‍ന്നതെന്ന് വീട്ടുകാരും മൊഴി നല്‍കിയിട്ടുണ്ട്.
മോഷ്ടിക്കാനെത്തിയതാണെന്ന ധാരണയില്‍ ആള്‍ക്കൂട്ടം രാജേഷിനെ ചോദ്യം ചെയ്യുകയും മർദിക്കുകയും ചെയ്തതായാണ് സൂചന. ഇയാളെ പിടികൂടിയ വിവരം യഥാസമയം പൊലീസില്‍ അറിയിക്കാനും പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിക്കാനും ശ്രമങ്ങള്‍ ഉണ്ടായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ജില്ല പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ എ.എസ്.പി വിജയ് ഭാരത് റെഢിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.