ജാതിയുടെ ദുര്‍ഭൂതം നമ്മെ പിടികൂടുവാന്‍ കരുക്കള്‍ നീക്കുമ്പോള്‍ ജാഗ്രത കൈമോശം വരുവാന്‍ പാടില്ലെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: ജാതിയുടെ ദുര്‍ഭൂതം നമ്മെ പിടികൂടുവാന്‍ കരുക്കള്‍ നീക്കുമ്പോള്‍ ജാഗ്രത കൈമോശം വരുവാന്‍ പാടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി. ദലിത് -ആദിവാസി മഹാസഖ്യത്തിന്റെ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മഹാത്മ അയ്യന്‍കാളിയുടെ 83-ാം അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സവര്‍ണാധിപത്യചിന്തകളുടെ വിഷവിത്തുകള്‍ പൊട്ടിമുളപ്പിക്കുവാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുന്ന കാലത്ത് നമ്മുടെ കൂട്ടായ്മകള്‍ക്ക് രാഷ്ട്രീയപരമായ അര്‍ത്ഥമുണ്ട്. നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന് പഴയതുപോലെ ധിക്കാരപരമായ രീതിയില്‍ എന്തും ചെയ്യാമെന്ന അഹങ്കാരത്തോടെ മുന്നോട്ട് നീങ്ങുവാന്‍ ഇപ്പോള്‍ സാധിക്കില്ല. ആ വിഷആശയങ്ങള്‍ക്ക് സമ്പൂര്‍ണമായ പരാജയമുണ്ടായി എന്നല്ല അതിനർഥം.

അവര്‍ വീണ്ടും നമുക്ക് മേല്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്നുണ്ട് എന്ന തിരിച്ചറിവോടെ മനുഷ്യന്റെ അവകാശങ്ങളെ അറിയുന്നവര്‍ ഒന്നായി ചേര്‍ന്ന് കൊണ്ട് മുന്നോട്ട് നീങ്ങേണ്ട കാലമാണിത്. ഈ മുന്നേറ്റപാതയില്‍ മഹാത്മ അയ്യന്‍കാളിയുടെ വീരോചിതമായ പോരാട്ടവീര്യം കരുത്ത് പകരുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

സംസ്ഥാന ജനറല്‍ സെക്രട്ടറി രാമചന്ദ്രന്‍ മുല്ലശ്ശേരി അധ്യക്ഷത വഹിച്ചു. മഹാസഖ്യം രക്ഷാധികാരി പി. രാമഭദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. വെങ്ങാനൂര്‍ സുരേഷ്, അംബിക പൂജപ്പുര, പട്ടംതുരുത്ത് ബാബു, ആര്‍. രാജേഷ്, ജോസ് ആച്ചിക്കല്‍, എല്‍. മോഹനന്‍, കെ. രവി എന്നിവര്‍ സംസാരിച്ചു.

News Summary - Binoy believes that caution should not be lost when the evil spirit of caste moves its arms to capture us

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.