തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം നിയമസഭയിൽ വീണ്ടും ചർച്ചയായി. സീറ്റ് ക്ഷാമം സമ്മതിച്ച് താൽക്കാലിക ബാച്ച് അനുവദിക്കാൻ കഴിഞ്ഞ ദിവസം സർക്കാർ തയാറായതിനു പിന്നാലെ ബുധനാഴ്ച ചോദ്യോത്തര വേളയിലാണ് മന്ത്രി ശിവൻകുട്ടി കുടുതൽ വിശദീകരണം നടത്തിയത്. ജയിച്ചുവരുന്ന എല്ലാ വിദ്യാർഥികൾക്കും പ്ലസ് വൺ സീറ്റ് ലഭിക്കുന്നില്ലെന്നത് മലപ്പുറത്തിന്റെ മാത്രം വിഷയമല്ലെന്ന് പറഞ്ഞ മന്ത്രി, കുട്ടികൾ കുറവായ ജില്ലകളിലെ ബാച്ചുകൾ മറ്റിടങ്ങളിലേക്ക് മാറ്റുന്നതിനു നിയമസഭ തീരുമാനിച്ചാൽ താൻ ‘റെഡി’യാണെന്നും അറിയിച്ചു. 10 ഉം 25 ഉം കുട്ടികൾ പഠിക്കുന്ന സ്കൂളുകളുണ്ടെന്നത് ശരിയാണ്. ഹയർസെക്കൻഡറി പ്രവേശനത്തിൽ നിലവിലെ രീതിയിൽ മാറ്റം വരുത്തി സുതാര്യമായും പരാതികൾ ഒഴിവാക്കിയും എങ്ങനെ പ്രവേശനം നടത്താമെന്ന് പരിശോധിക്കാൻ തയാറാണെന്നും മന്ത്രി പറഞ്ഞു.
ഉദ്യോഗസ്ഥർ എഴുതിത്തരുന്ന കണക്ക് മാത്രം മന്ത്രി വിശദീകരിക്കരുതെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. പ്രശ്നത്തെ മലപ്പുറത്തെ കാര്യമെന്നനിലയിൽ ലഘൂകരിച്ച് കാണുന്നത് ആരോഗ്യകരമല്ല. പാലക്കാട്, ഇടുക്കി, കാസർകോട് എന്നിവിടങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ലെന്ന് കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. എന്നാൽ, ഉദ്യോഗസ്ഥർ വന്നു പറഞ്ഞാൽ മാത്രം വിശ്വസിക്കുന്നയാളല്ല താനെന്ന് മന്ത്രി വി. ശിവൻകുട്ടി വിശദീകരിച്ചു. ബ്യൂറോക്രസിയുടെ രീതി അറിയാം. ഉദ്യോഗസ്ഥരെ പൂർണമായി വിശ്വസിക്കാനാവില്ല, എന്നാൽ, ഉപേക്ഷിക്കാനും പറ്റില്ല. അവർ തരുന്ന കണക്കുകൾ പത്ത് പ്രാവശ്യം പരിശോധിക്കും. പലർക്കും കൊടുത്ത് രഹസ്യമായും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് വിഷയം സംബന്ധിച്ച ടി. സിദ്ദീഖ് ഉന്നയിച്ച ചോദ്യത്തിൽ സ്പീക്കർ എ.എൻ. ഷംസീർ നടത്തിയ പരാമർശത്തിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കുട്ടികൾ എന്തു വിഷയം പഠിക്കണമെന്ന് മുമ്പ് രക്ഷാകർത്താക്കളാണ് തീരുമാനിച്ചിരുന്നതെങ്കിൽ ഇന്ന് സർക്കാറാണ് തീരുമാനിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ടി. സിദ്ദീഖ് ചോദ്യം ഉന്നയിച്ചത്.
ഭിന്നശേഷിയുള്ള കുട്ടിക്ക് മൂന്നര മണിക്കൂർ യാത്രദൂരമുള്ള സ്കൂളിൽ പ്രവേശനം കിട്ടിയതും പരാമർശിച്ചു. ചോദ്യത്തിന് കൂടുതൽ സമയമെടുത്തതിനെ വിമർശിച്ച് ഇടപെട്ട സ്പീക്കർ ‘ചോദ്യം ആർക്കും തിരിഞ്ഞില്ല’ എന്ന് പറഞ്ഞയുടൻ മന്ത്രി വി. ശിവൻകുട്ടി മറുപടിയിലേക്ക് കടന്നു.
‘സ്പീക്കർക്ക് ചോദ്യം മുഴുവൻ മനസ്സിലായില്ലെങ്കിലും എനിക്ക് മനസ്സിലായി’ എന്ന് പറഞ്ഞായിരുന്നു മന്ത്രിയുടെ വിശദീകരണം. മന്ത്രി മറുപടി പറഞ്ഞയുടൻ എഴുന്നേറ്റ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ‘ചോദ്യം മനസ്സിലായില്ലെന്ന്’ സ്പീക്കർ പറഞ്ഞത് ‘ഇൻസൾട്ട്’ ആണെന്ന് ചൂണ്ടിക്കാട്ടി. സിദ്ദീഖ് 50 സെക്കൻഡ് മാത്രമാണ് സംസാരിച്ചതെന്നും പ്രതിപക്ഷ അംഗങ്ങളോട് മാത്രമാണ് ഈ സമീപനമെന്നും സതീശൻ കുറ്റപ്പെടുത്തി. ഭരണപക്ഷമായാലും പ്രതിപക്ഷമായാലും പോയന്റ് മാത്രം ഉന്നയിക്കണമെന്ന് സ്പീക്കർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.