കൊച്ചി: മൂന്നാർ മേഖലയിലടക്കമുള്ള ഭൂമിയുടെ രേഖകൾ ഡിജിറ്റലൈസ് ചെയ്യാൻ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് ഹൈകോടതി. ഇതുമായി ബന്ധപ്പെട്ട് കോടതി ഉത്തരവിട്ടിട്ടും പുരോഗതിയുണ്ടായിട്ടില്ലെന്ന് അമിക്കസ്ക്യൂറി അറിയിച്ചതിനെത്തുടർന്നാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.
മൂന്നാറിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാനാകില്ലെങ്കിലും സാധ്യമായ ചെറിയ ശ്രമമാണ് നടത്തുന്നതെന്ന് കോടതി വ്യക്തമാക്കി. പള്ളിവാസലിൽ വർഗീസ് കുര്യന് റിസോർട്ട് നിർമിക്കാൻ എൻ.ഒ.സി ഇളവ് അനുവദിച്ച ജില്ല കലക്ടർക്കും ഡെപ്യൂട്ടി കലക്ടർക്കുമെതിരെ സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന ആവശ്യമുന്നയിച്ച് അമിക്കസ്ക്യൂറി കോടതിയിൽ റിപ്പോർട്ട് നൽകി.
റിസോർട്ട് നിർമാണം തുടരാൻ എൻ.ഒ.സി ആവശ്യമില്ലെന്ന കത്താണ് റവന്യൂ അധികൃതർ നൽകിയത്. ഇതിൽ ഒപ്പിട്ടത് ഡെപ്യൂട്ടി കലക്ടറാണ്. സർക്കാർ ഭൂമിയിലാണ് അനധികൃത നിർമിതി നടത്തിയിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. റിപ്പോർട്ട് പരിഗണിച്ച കോടതി ഇതുമായി ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കാൻ സർക്കാറിന് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.