പക്ഷിപ്പനി: കേരളത്തില്‍നിന്നുള്ള  കോഴി, താറാവ് കടത്ത് തമിഴ്നാട് നിരോധിച്ചു

കോയമ്പത്തൂര്‍: കേരളത്തിലെ പക്ഷിപ്പനിബാധയെ തുടര്‍ന്ന് തമിഴ്നാട്ടിലെ പൗള്‍ട്രി ഫാമുകളില്‍ മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജിതപ്പെടുത്തി. കേരളത്തില്‍നിന്ന് കോഴി, താറാവ് തുടങ്ങിയവ തമിഴ്നാട്ടിലേക്ക് കൊണ്ടുവരുന്നത് നിരോധിച്ചു. തമിഴ്നാട് മൃഗസംരക്ഷണ മന്ത്രി ബാലകൃഷ്ണ റെഡ്ഡിയാണ് ഇക്കാര്യമറിയിച്ചത്. സംസ്ഥാനാതിര്‍ത്തി ചെക്പോസ്റ്റുകളില്‍ കേരളത്തിലേക്ക് കടക്കുന്ന ചരക്കുവാഹനങ്ങളില്‍ കൃമിനാശിനി തെളിക്കാനും നിര്‍ദേശം നല്‍കി. നാമക്കല്‍, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ് ജില്ലകളിലെ ഫാമുകളിലാണ് പ്രതിരോധ പ്രവര്‍ത്തനം ശക്തിപ്പെടുത്തിയത്. 

മേഖലയിലെ നാല് ജില്ലകളില്‍നിന്നായി മാത്രം പ്രതിവാരം 20 ലക്ഷത്തില്‍പരം കോഴികളെയാണ് കേരളത്തിലേക്ക് കയറ്റിയയക്കുന്നത്. കേരളത്തില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഫാമുകളില്‍ ‘ജൈവ സുരക്ഷാ സംവിധാനം’ (ബയോ സെക്യൂരിറ്റി) ഏര്‍പ്പെടുത്തിയതായി തമിഴ്നാട് പൗള്‍ട്രി ഫാര്‍മേഴ്സ് അസോ. പ്രസിഡന്‍റ് പി. നല്ലതമ്പി അറിയിച്ചു. തൊഴിലാളികള്‍ക്കും മറ്റും മുഖംമൂടികള്‍ ഉള്‍പ്പെടെയുള്ള പ്രത്യേക വസ്ത്രങ്ങള്‍ നല്‍കും. ഫാമുകളിലും പരിസരത്തും ആന്‍റി വൈറല്‍ മരുന്നും ഉപ്പും ചേര്‍ത്ത ലായനി തെളിക്കും. പുറത്തുനിന്ന് ഫാമുകളില്‍ വരുന്നവരും ഈ ലായിനി ഉപയോഗിച്ച് കൈകാലുകള്‍ കഴുകണം. കോഴികളില്‍ വാക്സിനേഷനും നടത്തും. മാസം തോറും ഓരോ ഫാമിലെയും 50 കോഴികളുടെയെങ്കിലും രക്തസാമ്പിളെടുത്ത് പരിശോധിക്കും.

Tags:    
News Summary - Bird flu: Incoming flock worries experts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.