മാഹിക്കെതിരെ ​വേശ്യാപരാമർശം നടത്തിയ പി.സി. ജോർജിന്റെ കോലത്തിൽ മാഹിയിലെ മഹിള കോൺഗ്രസ് പ്രവർത്തകർ ചെരിപ്പുകൊണ്ട് അടിച്ച് പ്രതിഷേധിക്കുന്നു

മാഹിക്കെതിരെ ​വേശ്യാപരാമർശം: പി.​സി. ജോർജിനെ തള്ളി ബി.ജെ.പി; കോലത്തിൽ ചെരിപ്പ് കൊണ്ടടിച്ച് മഹിളാ കോൺഗ്രസ്

മാഹി: മാഹിയെ അധിക്ഷേപിച്ച ബി.ജെ.പി നേതാവ് പി.സി. ജോർജിനെതിരെ പ്രതിഷേധം ശക്തമായതോടെ ഗത്യന്തരമില്ലാതെ തള്ളിപ്പറഞ്ഞ് പാർട്ടി പ്രാദേശിക ഘടകം. ജോർജിന്റെ മാഹിയെക്കുറിച്ചുള്ള പരാമർശങ്ങൾ അത്യന്തം അപലപനീയവും ഖേദകരവുമാണെന്ന് ബി.ജെ.പി മാഹി മേഖല കമ്മിറ്റി പ്രസിഡന്റ് സി. ദിനേശൻ പറഞ്ഞു. ജോർജ് ബി.ജെ.പിയുടെ വക്താവല്ലെന്നും പ്രസ്താവനയിൽ പറഞ്ഞു.

സാംസ്കാരിക പൈതൃകവും സാമൂഹിക ഔന്നത്യവുമുള്ള ഒരു പരിഷ്കൃത ജനതയെ എവിടെനിന്നോ കിട്ടിയ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിൽ അടച്ചാക്ഷേപിച്ചതിനെ തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുന്നതായും ദിനേശൻ പറഞ്ഞു.

കോഴിക്കോട് ബി.ജെ.പി സ്ഥാനാർഥി എം.ടി. രമേശിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മാഹി വേശ്യകളുടെ കേന്ദ്രമായിരുന്നുവെന്നും ഗുണ്ടകളും റൗഡികളും കൂത്താടിയിരുന്ന സ്ഥലമായിരുന്നുവെന്നും പി.സി. ജോർജ് പറഞ്ഞത്.

Full View

മാഹിയെയും മാഹിക്കാരെയും അറിയാതെ, ബൈപാസ് വന്നപ്പോഴാണ് മാഹി സുരക്ഷിതമായതെന്നും മാഹിയിൽ റൗഡികളും വേശ്യകളുമാണ് അധിവസിച്ചിരുന്നതെന്നും പറഞ്ഞ പി.സി. ജോർജ് മാഹിക്കാരോട് മാപ്പുപറയണമെന്ന് സി.പി.എം പ്രതിഷേധ കൂട്ടായ്മ ആവശ്യപ്പെട്ടു.

പി.സി. ജോർജിനെതിരെ നിയമ നടപടിയടുക്കണമെന്നാവശ്യപ്പെട്ട് മഹിള കോൺഗ്രസ് പ്രവർത്തകർ മാഹിയിൽ പ്രതിഷേധ പ്രകടനം നടത്തി. മയ്യഴിയിലെ അമ്മപെങ്ങന്മാരെയും സഹോദരന്മാരെയും നാടിനെയും അപമാനിച്ച പി.സി. ജോർജ് പരസ്യമായി മാപ്പുപറയണമെന്ന് മുൻ മന്ത്രി ഇ. വത്സരാജ് ആവശ്യപ്പെട്ടു.

മാഹിയുമായി പുലബന്ധം പോലുമില്ലാതെ പുലമ്പുന്ന പി.സി. ജോർജിനെപ്പോലുള്ളവരെ പൊതുസമൂഹത്തിൽനിന്ന് അകറ്റിനിർത്തണമെന്ന് രമേശ് പറമ്പത്ത് എം.എൽ.എ പറഞ്ഞു.

രാജ്യത്തുതന്നെ എറ്റവും അധികം ഉന്നത വിദ്യാഭ്യാസ നേടിയ സ്ത്രീകൾ നൂറ്റാണ്ടുകളായി വസിക്കുന്ന ദേശമായ മാഹിയിലെ സ്ത്രീകളെ അധിക്ഷേപിച്ച പി.സി ജോർജ് മാപ്പുപറയണമെന്ന് സബർമതി വനിതാവേദി ആവശ്യപ്പെട്ടു.

പി.സി. ജോർജിനെ കേരളീയ സമൂഹം ഭ്രഷ്ട് കൽപിച്ച് നാടുകടത്തണമെന്ന് സാമൂഹിക പ്രവർത്തകയും മാഹി താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റി അഡീഷനൽ ഡ്യൂട്ടി കോൺസലുമായ അഡ്വ. എൻ.കെ. സജ്ന ആവശ്യപ്പെട്ടു.

മഹിള കോൺഗ്രസ് പ്രവർത്തകർ മാഹിയിൽ പി.സി. ജോർജിന്റെ കോലത്തിൽ ചെരിപ്പുകൊണ്ട് അടിച്ച് പ്രതിഷേധിച്ചു.

Tags:    
News Summary - BJP against P.C. George's Prostitute remarks against Mahe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.