കൊച്ചി: അയോധ്യയിൽ ബി.ജെ.പി പ്രതിഷ്ഠിച്ചത് രാഷ്ട്രീയ രാമനെയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം.പി. വാത്മീകിരാമായണത്തിലെ രാമനെ പാടെ വിസ്മരിച്ച ബി.ജെ.പി ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് രാഷ്ട്രീയ രാമനെ മുൻനിർത്തി വോട്ട് പിടിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പിതാവിന് വേണ്ടി അധികാരം വലിച്ചെറിഞ്ഞ് വനവാസത്തിന് പോയ രാമനെയാണ് ഹിന്ദു സമൂഹം ആദരിക്കുന്നത്. വാത്മീകി കാണിച്ചുതന്ന ആ രാമൻ പക്ഷെ ഇന്ന് എവിടെയാണ്. ബി.ജെ.പി മുന്നിൽ നിർത്തുന്നത് യഥാർത്ഥ രാമനെയല്ല. രൗദ്രഭാവമുള്ള രാമനെയാണ്. മതത്തെ മുൻനിർത്തിയുള്ള ചൂഷണ രാഷ്ട്രീയത്തിനാണ് ബി.ജെ.പി മുൻതൂക്കം നൽകുന്നത്.
ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനം ഇന്നും പലതും ഓർമിപ്പിക്കുന്നുണ്ട്. ഗാന്ധിജിയെ വധിച്ച അതേ വെടിയുണ്ട ഇന്നും തീവ്രതയോടെ സമൂഹത്തെ ലക്ഷ്യമാക്കി വരുന്നുണ്ട്. അതിനെതിരെ ജാഗ്രത ആവശ്യമാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജയിക്കുമോയെന്ന ഭയത്തിന്റെ പുറത്താണ് ബി.ജെ.പി നിതീഷ് കുമാറിനെ ഇന്ത്യ മുന്നണിയിൽ നിന്ന് ചാടിച്ചത്. നിതീഷ് കുമാറുമാർ ചാടിയാലും മുന്നണിക്ക് കോട്ടം തട്ടില്ലെന്നും പ്രതിപക്ഷ മഹാസഖ്യത്തെ ഇടതുപക്ഷപാർട്ടികൾ നയിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. വർഗീയ ഫാഷിസത്തിനും കേന്ദ്ര അവഗണനയ്ക്കുമെതിരെ എ.ഐ.വൈ.എഫ് സംഘടിപ്പിച്ച ഡെമോക്രാറ്റിക് സ്ട്രീറ്റ് വൈറ്റിലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.