തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുള്ള കേരളത്തിലെ നീക്കങ്ങൾ ‘വന്ദേഭാരത്’ ട്രെയിനിലൂടെ വേഗത്തിലാക്കാൻ ബി.ജെ.പി. ന്യൂനപക്ഷങ്ങളെ ഒപ്പം കൂട്ടാനുള്ള തന്ത്രങ്ങൾ നടപ്പാക്കുന്നതിന് പിന്നാലെയാണ് വന്ദേ ഭാരത് ട്രെയിൻ അനുവദിച്ചുള്ള അടുത്ത ഇടപെടൽ.
സംസ്ഥാന സർക്കാറുമായി യാതൊരു ആശയവിനിമയവും നടത്താതെ ‘വന്ദേഭാരതി’നായി രഹസ്യമായ മുന്നൊരുക്കങ്ങളാണ് നടന്നത്. പുതിയ ട്രെയിനുകളും ദേശീയപാത വികസനമടക്കമുള്ള കേന്ദ്ര പദ്ധതികളുമെല്ലാം കേരളത്തിൽ വോട്ടാക്കി മാറ്റാനുള്ള തന്ത്രങ്ങളാണ് ബി.ജെ.പി നേതൃത്വം നടത്തുന്നത്. വന്ദേഭാരത് അനുവദിച്ചതിന് വലിയ വാർത്താപ്രധാന്യം നേടിയെടുക്കാൻ ഇതിനകം ബി.ജെ.പി കേന്ദ്രങ്ങൾക്കായി.
മുമ്പ് ഭൂരിപക്ഷ വോട്ടുകൾ മാത്രം ലക്ഷ്യംവെച്ച് തെരഞ്ഞെടുപ്പ് നേരിട്ടിരുന്ന ബി.ജെ.പിക്ക് അത് കേരളത്തിൽ വിലപ്പോവില്ലെന്ന് വ്യക്തമായതോടെയാണ് ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള നീക്കവും സജീവമാക്കിയത്. ഈസ്റ്റർ ദിനത്തിലെ ക്രൈസ്തവ സഭാ ഭവന സന്ദർശനത്തിന് ശേഷം വിഷുവിന് കൈനീട്ട വിതരണവും ഈദിന് മുസ്ലിംകളുടെ ഭവനസന്ദർശനം ഉൾപ്പെടെ പരിപാടികൾ തയാറാക്കിയിട്ടുണ്ട്. കേരള പ്രഭാരിയായി പ്രകാശ് ജാവ്ദേക്കർ ചുമതലയേറ്റശേഷമാണ് ഈ മാറ്റങ്ങൾ.
അതേസമയം ഈ പരിപാടികൾ ബി.ജെ.പി കേരളഘടകം എങ്ങനെ നടപ്പാക്കി അനുകൂലമാക്കുമെന്ന ആശങ്ക കേന്ദ്രനേതൃത്വത്തിനുണ്ട്. ശബരിമല യുവതീ പ്രവേശനം ഉൾപ്പെടെ അനുകൂലമായ സന്ദർഭങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയാതെപോയ മുൻ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണിത്.
വിഷുദിനത്തിൽ ഇതരമതസ്ഥരെ വീട്ടിലേക്ക് ക്ഷണിച്ച് വിഷുക്കൈനീട്ടവും പായസവും നൽകുന്ന പരിപാടിയിൽ തിരുവനന്തപുരത്ത് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.