പത്തനംതിട്ട: കോൺഗ്രസ് വിട്ടുവന്നാൽ ഉപരാഷ്ട്രപതി സ്ഥാനം വരെ നൽകാമെന്ന് ബി.ജെ.പി വാഗ്ദാനം ചെയ്തതായി മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. എന്നാൽ, ഓഫർ നിരസിച്ചതായും ഒരിക്കലും പാർട്ടി വിട്ടുപോകില്ല എന്നതാണ് എന്‍റെ നിലപാടെന്ന് മോദിയോട് പറഞ്ഞുവെന്നും ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ കുര്യൻ വ്യക്തമാക്കി.
''മോദിയുമായി വളരെ അടുത്ത ബന്ധം പുലർത്തുന്നയാളാണ് ഞാൻ. പ്രധാനമന്ത്രിയായ അദ്ദേഹത്തെ ബഹുമാനിക്കുന്നു. എന്നെ ബി.ജെ.പിയിലേക്ക് ക്ഷണിക്കാൻ പാർലമെന്ററി കാര്യ മന്ത്രിയായ മുഖ്താർ അബ്ബാസ് നഖ്വിയെ രണ്ടുതവണ എന്‍റെ അടുത്ത് അയച്ചിരുന്നു. ബി.ജെ.പിയിൽ ചേർന്നാൽ ഉപരാഷ്ട്രപതി ആക്കാമെന്നായിരുന്നു ഓഫർ. എന്നാൽ, ഞാൻ പോയില്ല. പിന്നീട് മോദിയെ കണ്ടപ്പോൾ എന്‍റെ പേര് അത്തരത്തിൽ പരിഗണിച്ചതിന് അദ്ദേഹത്തോട് നന്ദി പറഞ്ഞു. ഞാൻ കോൺഗ്രസുകാരനായി തന്നെ തുടരുമെന്ന് അദ്ദേഹത്തോട് പറഞ്ഞു. അത്രയും വലിയ ഓഫർ ലഭിച്ചിട്ട് പോകാത്ത ഞാൻ ഇപ്പോൾ പോകുമോ? പോകില്ല'' - കുര്യൻ പറഞ്ഞു.
മാണി ഗ്രൂപ്പ് ഇടതുപക്ഷത്തേക്ക് പോയത് ഇടതിന് നേട്ടമാകില്ല. മധ്യ തിരുവിതാംകൂറിൽ പൊതുവെ ഇടതുവിരുദ്ധ രാഷ്ട്രീയമാണ്. പാല സീറ്റിൽ വരെ ജോസ് കെ. മാണിക്ക് ബുദ്ധിമുട്ടായിരിക്കും. എൻ.എസ്.എസ് യു.ഡി.എഫിന് അനുകൂലമാണ്.
ശബരി മല വിഷയത്തിൽ യു.ഡി.എഫാണ് വിശാസികളോട് ഒപ്പം നിൽക്കുകയും സമാധാനം കാത്തുസൂക്ഷിക്കുകയും ചെയ്തത്. ബി.ജെ.പി വിശ്വാസികളോട് ഒപ്പം നിന്നെങ്കിലും ശബരിമലയിൽ എല്ലാ കുഴപ്പങ്ങളും ഉണ്ടാക്കി.
സീതാറാം യെച്ചൂരിയാണ് ശബരിമല വിഷയം വീണ്ടും ചൂടുപിടിപ്പിച്ചത്. കടകം പള്ളിയുടെ ഖേദപ്രകടനം എന്തിനെന്നറിയില്ല എന്നാണ് അദ്ദേഹവും പിണറായിയും പറഞ്ഞത്. ഇലക്ഷനിൽ അപകടകരമാകും എന്നതിനാൽ ഇക്കാര്യത്തിൽ മാർക്സിസ്റ്റുകാരന്റെ നിലപാട് തുറന്നുപറയാൻ പിണറായിക്ക് കഴിയുന്നില്ല.
രാജ്യ സഭ സീറ്റ് വാങ്ങിയ ജോസ് കെ. മാണി പാർട്ടിയെ വഞ്ചിച്ചാണ് പോയത്. ആ സീറ്റ് എനിക്ക് കിട്ടിയാൽ ഡെപ്യൂട്ടി ചെയർമാനാകേണ്ടിയിരുന്ന വാല്യുബ്ൾ ആയ സീറ്റാണ് ജോസിന് കൊടുത്തത്. എന്നിട്ടാണ് ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തിന്റെ പേരിൽ ഇടതുപാളയത്തിലേക്ക് പോയത് -കുര്യൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.