പഴയങ്ങാടി (കണ്ണൂർ): കല്യാശ്ശേരി മണ്ഡലം നവകേരള സദസ്സിനെത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിനെതിരെ കരിങ്കൊടി കാണിച്ചതുമായി ബന്ധപ്പെട്ട് പഴയങ്ങാടിയിൽ സംഘർഷം. മാടായിപ്പാറയിലെ കല്യാശ്ശേരി മണ്ഡലം നവകേരള സദസ്സിനുശേഷം തളിപ്പറമ്പിലേക്ക് പോവുകയായിരുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിനുനേരെ പഴയങ്ങാടി കെ.എസ്.ഇ.ബി ഓഫിസ് പരിസരത്താണ് യൂത്ത് കോൺഗ്രസുകാർ കരിങ്കൊടികാണിച്ചത്. സുരക്ഷ ഉദ്യോഗസ്ഥരും ഡി.വൈ.എഫ്.ഐ-സി.പി.എം പ്രവർത്തകരും ചേർന്ന് ഇത് തടഞ്ഞു. നവകേരള ബസ് പോയശേഷമാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ യൂത്ത് കോൺഗ്രസുകാരെ മർദിച്ചത്. ഹെൽമറ്റുകളും ചെടിച്ചട്ടികളും ഉപയോഗിച്ചായിരുന്നു ക്രൂരമർദനം. സംഘം ചേർന്ന് മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഘർഷം ചിത്രീകരിക്കുന്നതിനിടെ മീഡിയ വൺ കാമറാമാൻ ജയ്സൽ ബാബുവിനും മർദനമേറ്റു.
സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ യൂത്ത് കോൺഗ്രസ് നേതാക്കളായ സുധീഷ് വെള്ളച്ചാൽ, രാഹുൽ പുങ്കാവ്, മഹിത മോഹനൻ, സായി ശരൺ എന്നിവരെ തളിപ്പറമ്പിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പഴയങ്ങാടി സ്റ്റേഷനുസമീപം യൂത്ത് കോൺഗ്രസുകാർ കരിങ്കൊടിയുമായി എത്തിയത് തടയാൻ കഴിയാത്തത് പൊലീസിന്റെ സുരക്ഷാവീഴ്ചയാണെന്നാരോപിച്ച് സി.പി.എം, ഡി.വെ.എഫ്.ഐ പ്രവർത്തകർ സ്റ്റേഷനിൽ പ്രതിഷേധവുമായെത്തിയത് സംഘർഷ ഭീതിപരത്തി. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. തുടർന്ന് സ്റ്റേഷന്റെ കവാടം പൊലീസ് അടച്ചിട്ടു. സി.പി.എം നേതാക്കളെത്തി പ്രവർത്തകരെ അനുനയിപ്പിച്ച് പൊലീസ് സ്റ്റേഷന്റെ മുന്നിൽനിന്ന് മാറ്റി. തുടർന്ന് കെ.എസ്.ടി.പി റോഡിലും സംഘർഷമുണ്ടായി. നവകേരള സദസ്സുമായി ബന്ധപ്പെട്ട് പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ്, കെ.എസ്.യു, മുസ്ലിം ലീഗ് പ്രവർത്തകരായ സുഫൈൽ സുബൈർ, റാഹിബ്, മുബാസ്, അർഷാദ്, ജംഷിർ ആലക്കാട്, കെ.വി. റിയാസ്, സമദ് ചൂട്ടാട്, ഫൈസൽ, ശാഫി, എസ്.യു. റഫീഖ് എന്നിവരെ നേരത്തെ പൊലീസ് കരുതൽ കസ്റ്റഡിയിലെടുത്തിരുന്നു. നവകേരള സദസ്സിൽ മന്ത്രി രാധാകൃഷ്ണൻ പ്രസംഗം തുടങ്ങുമ്പോൾ പ്രത്യേക ക്ഷണിതാക്കളുടെ സദസ്സിൽനിന്ന് ബഹളം വെച്ച പുഞ്ചവയലിലെ പ്രകാശൻ എന്നയാളെ പൊലീസ് പിടിച്ചുമാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.